ലീഡ്സ്: ആഷസ് പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയോടെ ഇതിഹാസ താരങ്ങളുടെ റെക്കോര്‍ഡ‍ിനൊപ്പമെത്തി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ഏറ്റവും കുറഞ്ഞ ടെസ്റ്റുകളില്‍ 26 സെഞ്ചുറികള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് സ്മിത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ന്  സ്വന്തമാക്കിയത്.

121 ഇന്നിംഗ്സിുകളില്‍ നിന്നാണ് സ്മിത്ത് 26 സെഞ്ചുറി തികച്ചത്. 69 ഇന്നിംഗ്സുകളില്‍ ഈ നേട്ടം കൈവരിച്ച ഓസീസിന്റെ  ഇതിഹാസതാരം  ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സ്മിത്തിന് മുന്നിലുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(136), സുനില്‍ ഗവാസ്കര്‍(144), മാത്യു ഹെയ്ഡന്‍(145), ഗാരി സോബേഴ്സ്(155) എന്നിവരെയാണ് സ്മിത്ത് ഇന്ന് പിന്നിലാക്കിയത്.

ആഷസിലെ പതിനൊന്നാം സെഞ്ചുറി നേടിയ സ്മിത്ത് ആഷസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനുമായി. ബ്രാഡ്മാന്‍(19), ജാക് ഹോബ്സ്(12) എന്നിവരാണ് ഇനി സ്മിത്തിന് മുന്നിലുള്ളത്. സ്റ്റീവ് വോ(10)യെ ആണ് സ്മിത്ത് ഇന്ന് പിന്നിലാക്കിയത്.

ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡില്‍ സച്ചിനൊപ്പം എത്താനും സ്മിത്തിനായി. ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ കരിയറില്‍ 11 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ സ്മിത്തിനും പതിനൊന്ന് സെഞ്ചുറികളായി. ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ജാക് ഹോബ്സ്(12), വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ സുനില്‍ ഗവാസ്കര്‍(13), ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍(19) എന്നിവരാണ് ഇനി സ്മിത്തിന്റെ മുന്നിലുള്ളത്. കഴിഞ്ഞ എട്ട് ഇന്നിംഗ്സുകളില്‍ സ്മിത്തിന്റെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയത്.