Asianet News MalayalamAsianet News Malayalam

'ചതിയനായി മാത്രമേ ഓര്‍മ്മിക്കപ്പെടൂ'; സ്‌മിത്തിനെതിരെ തുറന്നടിച്ച് മുന്‍ താരം

വിലക്കിന് ശേഷം തിരിച്ചെത്തി ആഷസ് പരമ്പരയില്‍ റണ്ണടിച്ചുകൂട്ടി സ്‌മിത്ത് ഏവരെയും അമ്പരപ്പിക്കുമ്പോഴാണ് ഹാര്‍മിസണ്‍ വിമര്‍ശനം ഉന്നയിക്കുന്നത്

Ashes 2019 Steve Smith will remember as a cheat says Steve Harmison
Author
Manchester, First Published Sep 9, 2019, 3:05 PM IST

മാഞ്ചസ്റ്റര്‍: ചതിയനായാവും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് എക്കാലവും ഓര്‍മ്മിക്കപ്പെടുകയെന്ന് ഇംഗ്ലീഷ് മുന്‍ പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു സ്‌മിത്ത്. വിലക്കിന് ശേഷം തിരിച്ചെത്തി ആഷസ് പരമ്പരയില്‍ റണ്ണടിച്ചുകൂട്ടി സ്‌മിത്ത് ഏവരെയും അമ്പരപ്പിക്കുമ്പോഴാണ് ഹാര്‍മിസണ്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

'സ്‌മിത്തിന് മാപ്പ് നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അവര്‍ മൂന്ന് പേരും വഞ്ചിച്ചു എന്ന് ബയോഡാറ്റയില്‍ എഴുതപ്പെട്ടുകഴിഞ്ഞു. സ്‌മിത്ത് എന്തൊക്കെ നേട്ടങ്ങള്‍ കൊയ്‌താലും ദക്ഷിണാഫ്രിക്കയില്‍ നടന്ന സംഭവത്തിന്‍റെ പേരിലാകും ഓര്‍മ്മിക്കപ്പെടുക, സ്‌മിത്ത്, വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവരുടെ കാര്യത്തില്‍ ആര്‍ക്കെങ്കിലും വിരുദ്ധാഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. അവര്‍ ക്രിക്കറ്റിന് അപമാനമുണ്ടാക്കിയതാണ് ഇതിന് കാരണം' എന്നും ഇംഗ്ലണ്ടിനായി 63 ടെസ്റ്റുകള്‍ കളിച്ച ഹാര്‍മിസണ്‍ കുറ്റപ്പെടുത്തി. 

ഈ ആഷസില്‍ ഒരു ഡബിള്‍ സെഞ്ചുറിയടക്കം 134.20 ശരാശരിയില്‍ 671 റണ്‍സാണ് സ്‌മിത്ത് നേടിയത്. മാഞ്ചസ്റ്ററില്‍ അവസാനിച്ച നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌‌സില്‍ 211 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 82 റണ്‍സും സ്‌മിത്ത് നേടി. 82 ആണ് ഈ ആഷസില്‍ സ്‌മിത്തിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ആഷസിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരില്‍ സ്‌മിത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios