ലണ്ടന്‍: ആഷസ് പരമ്പരയിലെ വിജയികളെ പ്രവചിക്കുക അസാധ്യമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസവും ടീം ഉപദേശകനുമായ സ്റ്റീവ് വോ. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും തുല്യസാധ്യതയാണെന്ന് മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു. മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ കഠിന പരിശീലനത്തെ വോ പ്രശംസിച്ചു. 

ആറ് ആഴ്ചയ്ക്കിടെ അഞ്ച് ടെസ്റ്റില്‍ കളിക്കാനുള്ള ശാരീരികക്ഷമത ഇരുടീമിലെയും പേസര്‍മാര്‍ക്കുണ്ടോയെന്നത് നിര്‍ണായകമാകും. ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് പ്രസക്തല്ലെന്നും ഏകദിന- ടെസ്റ്റ് ഫോര്‍മാറ്റുകള്‍ വ്യത്യസ്തമാണെന്നും വോ പറഞ്ഞു. ബര്‍മിംഗ്‌ഹാമില്‍ വ്യാഴാഴ്‌ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. 

ആഷസിനായി സ്റ്റീവ് സ്‌മിത്ത് നടത്തുന്ന തയ്യാറെടുപ്പുകളെ കുറിച്ച് വോയുടെ വിലയിരുത്തല്‍ ഇങ്ങനെ. അസാധാരണ പരിശീലനും പ്രയത്‌നവുമാണ് സ്‌മിത്ത് നടത്തുന്നത്. നെറ്റ്‌സില്‍ ഇത്രയേറെ പന്തുകള്‍ ഒരു താരം നേരിടുന്നത് ആദ്യമായാണ് കാണുന്നത്. സ്‌മിത്ത് ആദ്യ ടെസ്റ്റിനായി പൂര്‍ണമായും തയ്യാറെടുത്തിട്ടുണ്ടെന്നും വോ കൂട്ടിച്ചേര്‍ത്തു. പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം ആദ്യമായി ടെസ്റ്റ് കുപ്പായമണിയാനാണ് സ്‌മിത്ത് കാത്തിരിക്കുന്നത്. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ മറ്റൊരു താരമായ കാമറോണ്‍ ബെന്‍ക്രോഫ്റ്റിനെയും വോ പ്രശംസിച്ചു. ബെന്‍ക്രോഫ്റ്റിന്‍റെ ഷോര്‍ട് ലെഗ് ഫീല്‍ഡിംഗ് പരിശീലനം കണ്ട് താന്‍ അത്ഭുതപ്പെട്ടു. പരിശീലനത്തിനിടെ അദേഹവുമായി താന്‍ സമയം ചിലവഴിച്ചിരുന്നു. എക്കാലത്തെയും മികച്ച ഷോര്‍ട് ലെഗ് ഫീല്‍ഡറാണ് ബെന്‍ക്രോഫ്റ്റ് എന്നും സ്റ്റീവ് വോ പറഞ്ഞു.