സിഡ്‌നി: ആഷസിലെ അവസാന ടെസ്റ്റില്‍ താനും പേസര്‍ പീറ്റര്‍ സിഡിലും കളിച്ചത് പരിക്ക് വകവെക്കാതെ എന്ന് വെളിപ്പെടുത്തി ഓസീസ് നായകന്‍ ടിം പെയ്‌ന്‍. ഓവലില്‍ പെയ്‌നി‍ന്‍റെ വിരലിനും സിഡിലിന് ഇടുപ്പിനുമാണ് പരിക്കേറ്റത്. എന്നാല്‍ താരങ്ങളുടെ പരിക്കില്‍ ഓസീസ് മെഡിക്കല്‍ സംഘം ആശങ്ക കാട്ടാതിരുന്നതോടെ ഇരുവരും തുടര്‍ന്ന് കളിക്കുകയായിരുന്നു. 

ഓവല്‍ ടെസ്റ്റിന്‍റെ അവസാന മണിക്കൂറുകളിലാണ് പെയ്‌നിന് പരിക്കേറ്റത്. ഒരു പതിറ്റാണ്ടോളമായി വലത് കൈവിരലിലെ പരിക്ക് പെയ്‌നിനെ അലട്ടുന്നുണ്ട്. 2010 നവംബറില്‍ ഓള്‍ സ്റ്റാര്‍സ് ടി20ക്കിടെയായിരുന്നു പെയ്‌നിന്‍റെ വിരലിന് സാരമായി പരിക്കേറ്റത്. ശേഷം പലതവണ സമാനപരിക്ക് പെയ്‌നെ അലട്ടി. നിരവധി തവണ ശസ്‌ത്രക്രിയക്ക് വിധേയനായി.

ആദ്യദിനം രാവിലെയേറ്റ പരിക്ക് വകവെക്കാതെയാണ് പീറ്റര്‍ സിഡില്‍ ഓവലില്‍ കളിച്ചത്. മത്സരത്തില്‍ കാര്യമായ മികവ് കാട്ടാനാവാതിരുന്ന താരം വിമര്‍ശനം നേരിട്ടിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയിംസ് പാറ്റിന്‍സണ്‍ എന്നിവരെ മറികടന്നാണ് സിഡില്‍ ഇലവനിലെത്തിയത്. എന്നാല്‍ സിഡിലിനെ പ്രശംസിക്കുകയാണ് നായകനായ പെയ്‌ന്‍. സിഡില്‍ കാട്ടിയത് ഹീറോയിസമാണെന്ന് ടീമിന് അറിയാം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പിന്നീട് പന്തെറിയില്ലായിരുന്നു എന്നും പെയ്‌ന്‍ പറഞ്ഞു.