മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്നിംഗ്സിനും 14 റണ്‍സിനും ജയിച്ചതോടെ അഞ്ച് മത്സര പരമ്പര 3-0ന് ജയിച്ച് ആഷസ് ഓസീസ് സ്വന്തമാക്കിയിരുന്നു. 31-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് 37 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റ് കൂടി നഷ്ടമായി.

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ(Ashes 2021-2022) മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് ദിവസം കൊണ്ട് തോറ്റ് നാണംകെട്ട ഇംഗ്ലണ്ടിന് മറ്റൊരു നാണക്കേട് കൂടി. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വി ഈ വര്‍ഷത്തെ ഇംഗ്ലണ്ടിന്‍റെ ഒമ്പതാമത്തെ ടെസ്റ്റ് തോല്‍വിയാണ്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ടീമെന്ന ബംഗ്ലാദേശിന്‍റെ പേരിലുള്ള റെക്കോര്‍ഡിന്‍റെ ഒപ്പം ഇംഗ്ലണ്ടുമെത്തി. 2003ലാണ് ബംഗ്ലാദേശ് ഒരു കലണ്ടര്‍ വര്‍ഷം ഒമ്പത് തോല്‍വികള്‍ വഴങ്ങിയത്.

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്നിംഗ്സിനും 14 റണ്‍സിനും ജയിച്ചതോടെ അഞ്ച് മത്സര പരമ്പര 3-0ന് ജയിച്ച് ആഷസ് ഓസീസ് സ്വന്തമാക്കിയിരുന്നു. 31-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് 37 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റ് കൂടി നഷ്ടമായി. 68 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ട് ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ പതിമൂന്നാമത്തെ സ്കോറാണ് ഇന്ന് മെല്‍ബണില്‍ കുറിച്ചത്. മെല്‍ബണില്‍ 1904നുശേഷം സന്ദര്‍ശക ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്.

ഓസ്ട്രേലിയയില്‍ നടന്ന ആഷസ് പരമ്പരയില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണ് ഇംഗ്ലണ്ട് ഇന്ന് മെല്‍ബണില്‍ കുറിച്ചത്. 1936ല്‍ ബ്രിസ്ബേനില്‍ ഓസ്ട്രേലിയ 58 റണ്‍സിന് പുറത്തായതാണ് ഇതിന് മുമ്പ് ആഷസില്‍ ഓസ്ട്രേലിയന്‍ മണ്ണിലെ ഒരു ടീമിന്‍റെ കുറഞ്ഞ സ്കോര്‍.

ഇന്നിംഗ്സ് ജയം നേടുന്ന ടീം നേടുന്ന ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ലീഡാണ് ഓസീസ് മെല്‍ബണില്‍ നേടിയ 82 റണ്‍സ്.
ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ സ്കോട് ബോളാണ്ടിന്‍റെ തകര്‍പ്പന്‍ ബൗളിംഗാണ് ഓസീസിന്‍റെ വിജയം അനായാസമാക്കിയത്. 19 പന്തുകളിലായിരുന്നു ബോളാണ്ടിന്‍റെ വിക്കറ്റ് വേട്ട.ജേസണ്‍ ഗില്ലെസ്പിക്കുശേഷം പുരുഷ ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി കളിക്കുന്ന രണ്ടാമത്തെ പരമ്പരാഗത ഗോത്രവര്‍ഗക്കാരനാണ് ബോളാണ്ട്.