എന്നാല്‍ തന്‍റെ കീഴില്‍ കളിക്കുമ്പോള്‍ താങ്കള്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും താങ്കളെ ഞാന്‍ ടീമില്‍ നിന്നൊഴിവാക്കിയിട്ടില്ലെന്നത് മറക്കരുതെന്നും എന്നാല്‍ റൂട്ടിന് കീഴില്‍ എത്ര തവണ താങ്കെ ഒഴിവാക്കിയെന്ന് നോക്കണമെന്നും കുക്ക് തിരിച്ചടിച്ചു.

സിഡ്നി: ആഷസ് പരമ്പരയുടെ( Ashes 2021-2022) ഭാഗമായുള്ള തത്സമയ ടെലിവിഷന്‍ ചര്‍ച്ചക്കിടെ പരസ്യമായി തര്‍ക്കിച്ച് ഇംഗ്ലണ്ട് താരം മൊയീന്‍ അലിയും(Moeen Ali) മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കും(Alastair Cook). ബിടി സ്പോര്‍ട്സില്‍ നടന്ന ആഷസ് ചര്‍ച്ചകിടെയാണ് അലിയും കുക്കും പരസ്പരം തര്‍ക്കിച്ചത്. ആഷസിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ജോ റൂട്ടിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് റൂട്ടിനെ പിന്തുണച്ച് അലിയും അതിനെ ചോദ്യം ചെയ്ത് കുക്കും രംഗത്തുവന്നത്.

അലിസ്റ്റര്‍ കുക്കിനെക്കാള്‍ കളിക്കാരോട് കുറച്ചുകൂടി അടുത്തിടപഴകുന്ന നായകനാണ് റൂട്ട് എന്ന് ചര്‍ച്ചക്കിടെ അലി പറഞ്ഞതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. കുക്കിന് കീഴില്‍ കളിച്ചപ്പോള്‍ താന്‍ ഓപ്പണര്‍ മുതല്‍ ഒമ്പതാം നമ്പറില്‍ വരെ ബാറ്റ് ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും തനിക്ക് നെറ്റ്സില്‍ ഒരിക്കലും ത്രോ ഡൗണ്‍ ചെയ്യാന്‍ കുക്ക് തയാറായിട്ടില്ലെന്നു സിഡ്നി ടെസ്റ്റിനിടെ ജോ റൂട്ട് സഹ കളിക്കാര്‍ക്ക് ത്രോ ഡൗണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കാണിച്ച് അലി തുറന്നടിച്ചു.

ഇതോടെ താങ്കള്‍ എന്നെ വിമര്‍ശിക്കുകയാണോ എന്ന് ചോദിച്ച് കുക്കിനോട് അതെയെന്ന് അലി മറുപടി നല്‍കി. എന്നാല്‍ തന്‍റെ കീഴില്‍ കളിക്കുമ്പോള്‍ താങ്കള്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും താങ്കളെ ഞാന്‍ ടീമില്‍ നിന്നൊഴിവാക്കിയിട്ടില്ലെന്നത് മറക്കരുതെന്നും എന്നാല്‍ റൂട്ടിന് കീഴില്‍ എത്ര തവണ താങ്കെ ഒഴിവാക്കിയെന്ന് നോക്കണമെന്നും കുക്ക് തിരിച്ചടിച്ചു. അങ്ങനെയുള്ള എന്നെ താങ്കള്‍ എങ്ങനെയാണ് വിമര്‍ശിക്കുക എന്നും കുക്ക് അലിയോട് ചോദിച്ചു.

എന്നാല്‍ അത് ശരിയാണെന്നും പക്ഷെ താങ്കള്‍ എന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യിപ്പിച്ചിട്ടില്ലേ എന്ന് തിരിച്ച് ചോദിച്ചു. 2015ലെ ആഷസില്‍ വാലറ്റക്കാരുടെ കൂടെ ബാറ്റ് ചെയ്ത ഞാന്‍അ അത് കഴിഞ്ഞു നടന്ന പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ഓപ്പണറായാണ് ഇറങ്ങിയത്.

എന്നാല്‍ താങ്കള്‍ക്ക് ഞാന്‍ അവസരം നല്‍കുകയായിരുന്നു ചെയ്തതെന്നും ഏത് പൊസിഷനിലാണ് താങ്കള്‍ക്ക് തിളങ്ങാനാവുക എന്ന് പരീക്ഷിക്കുകയായിരുന്നുവെന്നും കുക്ക് പറഞ്ഞു. എന്നാല്‍ സഹകളിക്കാരുടെ തോളില്‍ കൈയിടുന്ന അവരോട് അടുത്ത് ഇടപഴകുന്ന നായകനാണ് റൂട്ട് എന്നാണെന്നും കുക്ക് അങ്ങനെയല്ലെന്നും അലി പറഞ്ഞു. എന്നാല്‍ ഇതിനൊക്കെ എന്താണ് പറയേണ്ടതത് എന്ന് തനിക്കറിയില്ലെന്നും അവധിക്കാലം ആഘോഷിച്ചശേഷം തിരിച്ചെത്തിയ താന്‍ നേരെ മൊയീന്‍ അലിയുടെ മുന്നിലാണ് വന്നുപെട്ടതെന്നും പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.