ആഷസ് രണ്ടാം ടെസ്റ്റിൽ മികച്ച സ്കോർ ലക്ഷ്യമിട്ടാണ് ഓസീസ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്
അഡ്‌ലെയ്‌ഡ്: ഇംഗ്ലണ്ടിന് എതിരായ ആഷസ് (Ashes 2021-22) രണ്ടാം ടെസ്റ്റില്‍ (Australia vs England 2nd Test) ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌ന്‍ (Marnus Labuschagne) ശതകം. 287 പന്തിലാണ് ലബുഷെയ്‌ന്‍ ആറാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. സെഞ്ചുറിക്ക് പിന്നാലെ ലബുഷെയ്‌നെ നാടകീയതകള്‍ക്കൊടുവില്‍ റോബിന്‍സണ്‍ മടക്കി. രണ്ടാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ 251-3 എന്ന നിലയിലാണ് ഓസീസ്. നായകന്‍ സ്റ്റീവ് സ്‌മിത്തിനൊപ്പം (Steven Smith) 31*, ട്രാവിസ് ഹെഡാണ് (Travis Head) 4* ക്രീസില്‍.
നാടകീയം രണ്ടാംദിനാരംഭം
മികച്ച സ്കോർ ലക്ഷ്യമിട്ടാണ് ഓസീസ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. ഡേനൈറ്റ് ടെസ്റ്റിന്‍റെ ഒന്നാംദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. 95 റൺസുമായി ലബുഷെയ്‌നും 18 റണ്‍സുള്ള സ്‌മിത്തുമായിരുന്നു ക്രീസില്‍. രണ്ടാംദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ തന്‍റെ ശതകം ലബുഷെയ്‌ന്‍ പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടുപിന്നാലെ ലബുഷെയ്‌നെ റോബിന്‍സണ്‍ പുറത്താക്കിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. പവലിയനിലേക്ക് മടങ്ങവേ താരത്തെ മടക്കിവിളിക്കുകയായിരുന്നു.
എന്നാല്‍ തന്‍റെ അടുത്ത ഓവറില്‍ ലബുഷെയ്‌നെ എല്‍ബിയില്‍ കുടുക്കി റോബിന്‍സണ്‍ പകരംവീട്ടി. 305 പന്തില്‍ 103 റണ്‍സാണ് ലബുഷെയ്‌ന്‍റെ സമ്പാദ്യം. മൂന്ന് റൺസെടുത്ത ഓപ്പണർ മാർക്കസ് ഹാരിസിനെയും 95 റൺസെടുത്ത ഡേവിഡ് വാർണറെയും ഓസ്ട്രേലിയക്ക് ആദ്യദിനം നഷ്‌ടമായിരുന്നു.
തൊണ്ണൂറുകളില്‍ വീണ്ടും കാലിടറി വാര്‍ണര്‍
ടീം സ്‌കോര്‍ നാലില്‍ നില്‍ക്കേ മാര്‍ക്കസ് ഹാരിസിനെ നഷ്‌ടമായ ഓസീസിനെ രണ്ടാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്‌നൊപ്പം കരകയറ്റിയത് ഡേവിഡ് വാര്‍ണറാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 172 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ഓസീസ് ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ ആരംഭിച്ച വാര്‍ണര്‍-ലബുഷെയ്‌ന്‍ സഖ്യത്തിന്‍റെ പോരാട്ടം 65-ാം ഓവര്‍ വരെ നീണ്ടുനിന്നു. കഴിഞ്ഞ മത്സരത്തില്‍ കൈവിട്ട സെഞ്ചുറിയിലേക്ക് നടന്നടുക്കുന്നു എന്ന് തോന്നിച്ച നിമിഷത്തില്‍ ബെന്‍ സ്റ്റോക്‌സിന് മുന്നില്‍ അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു വാര്‍ണര്‍. ആദ്യ ടെസ്റ്റില്‍ 94ല്‍ വാര്‍ണര്‍ വീണിരുന്നു.
അഡ്‌ലെയ്‌ഡില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊവിഡ് സമ്പര്‍ക്കത്തിലായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്‌മിത്താണ് ഓസീസിനെ നയിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ക്യാപ്റ്റന്‍സിയിലേക്ക് സ്‌മിത്തിന്‍റെ മടങ്ങിവരവാണിത്. മൈക്കല്‍ നെസറാണ് കമ്മിന്‍സിന്‍റെ പകരക്കാരന്‍. ഇംഗ്ലീഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സീനിയര്‍ താരങ്ങളായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ മാര്‍ക് വുഡ്, ജാക്ക് ലീച്ച് എന്നിവര്‍ പുറത്തായി. സ്‌പിന്നര്‍മാരില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യ ടെസ്റ്റ് വിജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലാണ്.
