1948ല്‍ ലീഡ്സില്‍ 404 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ആഷസ് ചരിത്രത്തിലെ തന്നെ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ ഓപ്പണര്‍ ആര്‍തര്‍ മോറിസിന്‍റെയും ഇതിഹാസ താരം ഡ‍ോണ്‍ ബ്രാഡ്മാന്‍റെയും അപരാജിത സെഞ്ചുറികളായിരുന്നു അന്ന് ഓസീസിന് ജയമൊരുക്കിയത്.

എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചാല്‍ ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡാണ്. ആഷസ് ചരിത്രത്തില്‍ തന്നെ പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന നാലാമത്തെ സ്കോറാകും ഇംഗ്ലണ്ട് ഉയര്‍ത്തിയ 281 റണ്‍സ്.

1948ല്‍ ലീഡ്സില്‍ 404 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ആഷസ് ചരിത്രത്തിലെ തന്നെ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ ഓപ്പണര്‍ ആര്‍തര്‍ മോറിസിന്‍റെയും ഇതിഹാസ താരം ഡ‍ോണ്‍ ബ്രാഡ്മാന്‍റെയും അപരാജിത സെഞ്ചുറികളായിരുന്നു അന്ന് ഓസീസിന് ജയമൊരുക്കിയത്. 1901-1902ല്‍ അഡ്‌ലെയ്ഡില്‍ 315 റണ്‍സും 1928-29ല്‍ മെല്‍ബണില്‍ 286 റണ്‍സും ഓസ്ട്രേലിയ പിന്തുടര്‍ന്ന് ജയിച്ചെങ്കിലും ഇംഗ്ലണ്ടില്‍ ബ്രാഡ്മാന്‍ യുഗത്തിനുശേഷം ഓസീസിന് പിന്തുടര്‍ന്ന് ജയിക്കേണ്ട ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണ് മുന്നിലുള്ളത്.

ഇതിനെല്ലാം പുറമെ എഡ്ജ്ബാസ്റ്റണിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചേസാണ് ഓസ്ട്രേലിയക്ക് മുന്നില്‍ ഇംഗ്ലണ്ട് ലക്ഷ്യമായി വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ നാലാം ഇന്നിംഗ്സില്‍ 378 റണ്‍സ് പിന്തുടര്‍ന്ന് അനായാസം ജയിച്ചതും ഇതേ എഡ്ജ്ബാസ്റ്റണിലാണെന്നത് ഓസ്ട്രേലിയക്ക് ആത്മവിശ്വാസം നല്‍കും. ജോ റൂട്ടിന്‍റെയും(142*) ജോണി ബെയര്‍സ്റ്റോയുടെയും(114*)അപരാജിത സെഞ്ചുറികളുടെ കരുത്തിലായിരുന്നു അന്ന് ഇംഗ്ലണ്ടിന്‍റെ ജയം. 2008ല്‍ എഡ്ജ്ബാസ്റ്റണില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ നാലാം ഇന്നിംഗ്സില്‍ 281 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഇതല്ലാതെ 280ന് മുകളിലുള്ള വിജയലക്ഷ്യം മറ്റൊരു ടീമും എഡ്ജ്ബാസ്റ്റണില്‍ അടിച്ചെടുത്തിട്ടില്ല.

വളഞ്ഞ് താഴ്ന്ന് ഒരു ബുള്ളറ്റ് യോര്‍ക്കര്‍! ഒല്ലി പോപ്പിന്റെ ഓഫ് സ്റ്റംപ് പിഴുത് കമ്മിന്‍സിന്റെ മാജിക് ബോള്‍

107-3 എന്ന സ്കോറില്‍ നാലാം ദിനം ക്രീസ് വിട്ട ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് വേണ്ടത് 174 റണ്‍സാണ്. 34 റണ്‍സെടുത്ത് ക്രീസില്‍ നില്‍ക്കുന്ന ഉസ്മാന്‍ ഖവാജയിലാണ് ഓസീസ് പ്രതീക്ഷകള്‍. ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി എന്നിവരാണ് ഇനി ഇറങ്ങാനുള്ളത്. മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ വീഴ്ത്തിയതിലൂടെ നാലാം ദിനം ഇംഗ്ലണ്ട് നേരിയ മുന്‍തൂക്കം നേടിക്കഴിഞ്ഞു.