സ്റ്റുവര്‍ട്ട് ബ്രോഡിന് ഹാട്രിക് കൊടുക്കാതിരിക്കാന്‍ സ്റ്റീവ് സ്‌മിത്ത് പന്ത് ലീവ് ചെയ്‌ത രീതിയെയാണ് ആരാധകര്‍ പരിഹസിക്കുന്ന
എഡ്‌ജ്‌ബാസ്റ്റണ്‍: ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ പുരുഷന്‍മാരില്‍ നിലവിലെ നമ്പര്‍ 2 ബാറ്ററാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത്. ഏറെക്കാലാം റാങ്കിംഗില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന സ്‌മിത്ത് സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഗോട്ട് ആയാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും നടന്നുകൊണ്ടിരിക്കുന്ന ആഷസ് ക്രിക്കറ്റ് പരമ്പരയിലെ സ്‌മിത്തിന്‍റെ ഒരു ബാറ്റിംഗിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ടെസ്റ്റില്‍ വിരാട് കോലിക്കും മുകളില്‍ പരിഗണിക്കപ്പെടുന്ന താരമാണ് സ്‌മിത്ത് എന്നൊരു പരിഗണന പോലുമില്ലാതെയാണ് ട്രോളര്‍മാരുടെ കടന്നാക്രമണം.
എഡ്‌ജ്‌ബാസ്റ്റണില്‍ പുരോഗമിക്കുന്ന ആദ്യ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഹാട്രിക് കൊടുക്കാതിരിക്കാന്‍ സ്റ്റീവ് സ്‌മിത്ത് പന്ത് ലീവ് ചെയ്‌ത രീതിയെയാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിലെ 11-ാം ഓവറിലായിരുന്നു ഈ സംഭവം. ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ ബ്രോഡ് ബൗള്‍ഡാക്കിയപ്പോള്‍ രണ്ടാം പന്തില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌ന്‍ ഗോള്‍ഡന്‍ ഡക്കായി. വിക്കറ്റ് കീപ്പര്‍ ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്കായിരുന്നു ക്യാച്ച്. നാലാമനായി ക്രീസിലെത്തിയ സ്റ്റീവ് സ്‌മിത്താണ് മൂന്നാം പന്ത് നേരിട്ടത്. എന്നാല്‍ സ്റ്റംപ് പൂര്‍ണമായും കവര്‍ ചെയ്‌ത് പന്ത് മുകളിലേക്ക് ഉയര്‍ത്തി അസാധാരണമായ രീതിയില്‍ പന്ത് ലീവ് ചെയ്യുകയായിരുന്നു സ്‌മിത്ത്. അതും ലെഗ് സ്റ്റംപിന് പുറത്തുകൂടെ പോയ പന്തില്‍. ഇതോടെയാണ് സ്‌മിത്തിനെ പിടികൂടി ട്രോളര്‍മാര്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്.
നാലാമനായി ക്രീസിലെത്തി 59 പന്തില്‍ 16 റണ്‍സ് മാത്രമാണ് സ്റ്റീവ് സ്‌മിത്തിന് ആദ്യ ഇന്നിംഗ്‌സില്‍ നേടാനായത്. ഇതോടെ ഓസീസ് 27 ഓവറില്‍ 67-3 എന്ന നിലയില്‍ പ്രതിരോധത്തിലായി. ഇതിന് ശേഷം സെഞ്ചുറി നേടി ഉസ്‌മാന്‍ ഖവാജയും(141) അര്‍ധസെഞ്ചുറികളുമായി ട്രാവിഡ് ഹെഡും(50), അലക്‌സ് ക്യാരിയുമാണ്(66) ഓസീസിനെ കരകയറ്റിയത്. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സ് ഒന്നാം ദിനം മൂന്നാം സെഷന്‍ പൂര്‍ത്തിയാകും മുമ്പ് 78 ഓവറില്‍ 393-8 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തിരുന്നു. സെഞ്ചുറി നേടിയ ജോ റൂട്ടാണ്(118) ടോപ് സ്കോറര്‍. സാക്ക് ക്രൗലിയും(61), ജോണി ബെയ്‌ര്‍സ്റ്റോയും(78) അര്‍ധസെഞ്ചുറികള്‍ നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
