ടെസ്റ്റ് ക്രിക്കറ്റിന്‍റെ സമവാക്യം തന്നെ മാറ്റിയെഴുതിയ ശൈലിയാണ് ബാസ്ബോൾ

ലണ്ടന്‍: വിഖ്യാതമായ ആഷസ് പരമ്പരയ്‌ക്ക് മുമ്പ് ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ഇംഗ്ലണ്ടിന്‍റെ ബാസ്ബോൾ ശൈലിക്ക് ആഷസിലും മാറ്റമുണ്ടാകില്ലെന്ന് ബെൻ സ്റ്റോക്‌സ് വ്യക്തമാക്കി. ഓസ്ട്രേലിയക്കെതിരെയും ആക്രമിച്ച് കളിക്കാൻ തന്നെയാണ് തീരുമാനമെന്ന് സ്റ്റോക്‌സ് പറ‍ഞ്ഞു. വെള്ളിയാഴ്‌ചയാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമായാണ് ആഷസ് വിശേഷിപ്പിക്കപ്പെടുന്നത്. 

ടെസ്റ്റ് ക്രിക്കറ്റിന്‍റെ സമവാക്യം തന്നെ മാറ്റിയെഴുതിയ ശൈലിയാണ് ബാസ്ബോൾ. ലോക ക്രിക്കറ്റിലെ എക്കാലത്തേയും വെടിക്കെട്ട് ബാറ്റര്‍മാരിൽ ഒരാളായ ന്യൂസിലൻഡ് മുൻ നായകൻ ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ ചുമതലയേറ്റതോടെയായിരുന്നു ഈ ശൈലിയുടെ തുടക്കം. ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ ക്ഷമ വേണമെന്ന ആദ്യ പാഠം മക്കല്ലം പൊളിച്ചെഴുതി. ആദ്യ പന്ത് മുതൽ അടിച്ച് തകര്‍ക്കണം. ആക്രമിച്ച് എതിരാളിയെ പ്രതിരോധത്തിലാക്കണം. ഇംഗ്ലണ്ടിന്‍റെ ഈ ശൈലി വിജയമായതോടെ ക്രിക്കറ്റ് ലോകം ഇതിനെ മക്കല്ലത്തിന്‍റെ ബാസ് എന്ന ഓമനപ്പേര് ചേര്‍ത്ത് ബാസ്ബോൾ എന്ന് വിളിച്ചു. മക്കല്ലം സ്റ്റോക്‌സ് കൂട്ടുകെട്ടിൽ പതിമൂന്നില്‍ 11 ടെസ്റ്റും ഇംഗ്ലണ്ട് ജയിച്ചു. ഈ ശൈലിക്ക് ആഷസിലും മാറ്റമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് പറയുന്നത്.

'ഈ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ബാസ്ബോൾ അവിശ്വസനീയമായ വിജയമാണ് ടീമിന് സമ്മാനിച്ചത്. അതിന് പറ്റിയ കളിക്കാരും ഉണ്ട്. ഇതിനാൽ ബാസ്ബോൾ തുടരാൻ തന്നെയാണ് തീരുമാനമെന്ന്' സ്റ്റോക്‌സ് പറയുന്നു. ആഷസ് പരമ്പരയ്ക്ക് വെള്ളിയാഴ്‌ച എഡ്‌ജ്‌ബാസ്റ്റണിലാണ് തുടക്കമാവുന്നത്. കഴിഞ്ഞ തവണ കൈവിട്ട കിരീടം വീണ്ടെടുക്കുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിച്ചതിന്‍റെ കൂടെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ കിരീടം നിലനിര്‍ത്താൻ ഇറങ്ങുക. സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് തുടങ്ങിയവര്‍ മികച്ച ഫോമിലുള്ളത് ഓസീസിന് പ്രതീക്ഷയാണ്. 

Read more: രോഹിത് ശര്‍മ്മ പുറത്തേക്ക്? ടെസ്റ്റ് ക്യാപ്റ്റന്‍സി തെറിക്കാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്