മാഞ്ചസ്റ്റര്‍: ആഷസ് നാലാം ടെസ്റ്റില്‍ ആദ്യ ദിനം മത്സരം തടസപ്പെടുത്തി ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴ. മത്സരം നിര്‍ത്തിവെച്ചപ്പോള്‍ രണ്ട് വിക്കറ്റിന് 98 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. 49 റണ്‍സുമായി മാര്‍നസ് ലബുഷാഗ്നെയും 28 റണ്‍സെടുത്ത് സ്റ്റീവ് സ്‌മിത്തുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും(0) മാര്‍ക്കസ് ഹാരിസിനെയും(13) ആണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. 

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കാതെ വാര്‍ണറെ നഷ്ടമായി. ഈ ആഷസില്‍ അഞ്ചാം തവണയും ബ്രോഡാണ് വാര്‍ണര്‍ക്ക് മടക്കടിക്കറ്റ് നല്‍കിയത്.  ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്തില്‍ വന്ന ബ്രോഡിന്‍റെ പന്ത് ലീവ് ചെയ്യാന്‍ വാര്‍ണര്‍ നടത്തിയ ശ്രമമാണ് എഡ്‌ജായി വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലവസാനിച്ചത്. 

ഏഴാം ഓവറിലെ അവസാന പന്തില്‍ ഹാരിസിനെ ബ്രോഡ് തന്നെ എല്‍ബിയില്‍ കുടുക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ലബുഷാഗ്നെ- സ്‌മിത്ത് സഖ്യം ഓസീസിനെ കരകയറ്റുകയാണ്. ലബുഷാഗ്നെ 82 പന്തില്‍ നിന്നാണ് 49 റണ്‍സെടുത്തത്. മടങ്ങിവരവില്‍ സ്‌മിത്ത് 48 പന്തില്‍ 28 റണ്‍സുമായി കരുതലോടെയാണ് ബാറ്റ് വീശുന്നത്.