ഓവല്‍: ആഷസ് അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 399 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിന് 313 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് 329ന് ഓള്‍ഔട്ടായി. 27 പന്തുകള്‍ മാത്രമാണ് ഇംഗ്ലണ്ട് ഇന്ന് നേരിട്ടത്. ആര്‍ച്ചറെ മൂന്നില്‍ നില്‍ക്കേ കമ്മിന്‍സും ലീച്ചിനെ ഒന്‍പതില്‍ നില്‍ക്കേ ലിയോണും പുറത്താക്കി. ബ്രോഡ് 12 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഇംഗ്ലീഷ് നിരയില്‍ റോറി ബെണ്‍സ്(20), ജോ റൂട്ട്(21) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല. എന്നാല്‍ ജോ ഡെന്‍ലിയും ബെന്‍ സ്റ്റോക്‌സും മൂന്നാം വിക്കറ്റില്‍ 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും പുറത്തായശേഷമെത്തിയ ജോണി ബെയര്‍സ്റ്റോയും(14) വേഗം മടങ്ങിയപ്പോള്‍ ജോസ് ബട്‌ലര്‍ 47 റണ്‍സെടുത്തു. സാം കറന്‍ 17ഉം ക്രിസ്‌വോക്‌സ് ആറ് റണ്‍സെടുത്തും മടങ്ങി. നാലാം ദിനം തുടക്കത്തിലെ ആര്‍ച്ചറെയും ലീച്ചിനെയും ഓസീസ് മടക്കുകയായിരുന്നു. ഓസീസിനായി ലിയോണ്‍ നാലും സിഡിലും മാര്‍ഷും കമ്മിന്‍സും രണ്ട് വിക്കറ്റ് വീതവും നേടി. 

ഓസ്‌ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു ഇംഗ്ലണ്ട്. ജോഫ്ര ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. സാം കുറന്‍ മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു.