ആഷസില്‍ പിങ്ക് ടെസ്റ്റ് (Ashes) ജനുവരി അഞ്ചിന് തുടങ്ങാനിരിക്കെയാണ് മുന്‍താരം കൊവിഡ് പൊസിറ്റീവായത്. മഗ്രാത്തിന്റെ ഭാര്യ ജെയ്നിനോട് ആദരവര്‍പ്പിച്ചാണ് പിങ്ക് ടെസ്റ്റ് നടത്തുന്നത്.

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ഇതിഹാസതാരവും കമന്റേറുമായ ഗ്ലെന്‍ മഗ്രാത്തിന് (Glenn McGrath) കൊവിഡ് സ്ഥിരീകരിച്ചു. ആഷസില്‍ പിങ്ക് ടെസ്റ്റ് (Ashes) ജനുവരി അഞ്ചിന് തുടങ്ങാനിരിക്കെയാണ് മുന്‍താരം കൊവിഡ് പൊസിറ്റീവായത്. മഗ്രാത്തിന്റെ ഭാര്യ ജെയ്നിനോട് ആദരവര്‍പ്പിച്ചാണ് പിങ്ക് ടെസ്റ്റ് നടത്തുന്നത്. ജെയ്ന്‍ സ്തനാര്‍ബുദ്ദത്തെ തുടര്‍ന്നാണ് മരിക്കുന്നത്. 

ഭാര്യയുടെ ഓര്‍മയില്‍ കാന്‍സര്‍ ബാധിതരുടെ ചികിത്സയ്ക്ക് വേണ്ടി മഗ്രാത്ത് സഹായം നല്‍കുന്നുണ്ട്. ഇത്തവണ ആഷസ് പരമ്പരയിലെ ഒരു മത്സരമാണ് പിങ്ക് ടെസ്റ്റായി കളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരത്തിന്റെ ഭാഗമാവില്ല. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനത്തിന്റെ പേര് ജെയ്ന്‍ മഗ്രാത്ത് ഡേ എന്നാണ്. വിര്‍ച്വല്‍ ആയി മഗ്രാത്ത് ടെസ്റ്റിന്റെ ഭാഗമായ പരിപാടികളില്‍ പങ്കെടുക്കും.

ആദ്യ മൂന്ന് ടെസ്റ്റിലും ജയിച്ച് നേരത്തെ തന്നെ ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കിയിരുന്നു. അവസാന രണ്ട് മത്സരങ്ങളും ജയിച്ച് അഭിമാനം നിലനിത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. എന്നാല്‍ ക്യാപ്റ്റന്‍ ജോ റൂട്ട്, ഡേവിഡ് മലാന്‍ എന്നിവരൊഴിച്ചാല്‍ ബാറ്റിംഗില്‍ ആരും തിളങ്ങുന്നില്ല. മൂന്ന് ടെസ്റ്റിലം വ്യത്യസ്ത ഓപ്പണര്‍മാരെ പരീക്ഷച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. 

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒല്ലി റോബിന്‍സണും ജയിംസ് ആന്‍ഡേഴ്‌സണും മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നത്. മറുവശത്ത് ഓസ്‌ട്രേലിയ ആവട്ടെ എല്ലാ മേഖലയിലും ശക്തരാണ്. ഫോം കണ്ടെത്താന്‍ വിശമിക്കുകയായിരുന്ന ഓപ്പണര്‍ മാര്‍കസ് ഹാരിസും കഴിഞ്ഞ മത്സരത്തില്‍ ട്രാക്കിലായി. 

ബൗളിംഗിലാവട്ടെ എല്ലാവരും ഫോമില്‍. ആരെ കളിപ്പിക്കണമെന്നുള്ളതാണ് ഓസ്‌ട്രേലിയന്‍ സെലക്റ്റര്‍മാരെ കുഴപ്പിക്കുന്നത്. ഈ ഫോമില്‍ ഇംഗ്ലണ്ടിന് വിജയിക്കുക എളുപ്പമാവില്ല.