പിങ്ക് പന്തില്‍ 152 റണ്‍സിന്റെ ലീഡെടുക്കാന്‍ ഓസ്‌ട്രേലിയക്കായി. സ്റ്റീവ്ന്‍ സ്മിത്ത് (17), സ്‌കോട്ട് ബോളണ്ട് (3) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 188ന് അവസാനിച്ചിരുന്നു.

ഹൊബാര്‍ട്ട്: ആഷസ് പരമ്പരയിലെ (Ashes Series) അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് (Australia) മുന്‍തൂക്കം. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 36 എന്ന നിലയിലാണ് ആതിഥേയല്‍. എന്നാല്‍ പിങ്ക് പന്തില്‍ 152 റണ്‍സിന്റെ ലീഡെടുക്കാന്‍ ഓസ്‌ട്രേലിയക്കായി. സ്റ്റീവ്ന്‍ സ്മിത്ത് (17), സ്‌കോട്ട് ബോളണ്ട് (3) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 188ന് അവസാനിച്ചിരുന്നു. 115 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ആതിഥേയര്‍ നേടിയിരുന്നത്. 

രണ്ടാം ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണര്‍ (0), ഉസ്മാന്‍ ഖവാജ (11), മര്‍നസ് ലബുഷെയ്ന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക് വുഡ്, ക്രിസ് വോക്‌സ് എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ പാറ്റ് കമ്മിന്‍സിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 188ന് അവസാനിപ്പിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി. 

36 റണ്‍സ് നേടിയ ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോ റൂട്ട് 34 റണ്‍സെടുത്തു. നേരത്തെ, ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയാണ് (101) ഓസീസിനെ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കാമറൂന്‍ ഗ്രീന്‍ 74 റണ്‍സെടുത്തു. 44 റണ്‍സുമായി ലബുഷെയ്‌നും തിളങ്ങി. ബ്രോഡും വുഡും ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീതം നേടി. 

പരമ്പര നേരത്തെ ഓസീസ് സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 3-0ത്തിന് മുന്നിലാണ്.