ലണ്ടന്‍: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തോല്‍വി. ഓവലില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. സ്‌കോര്‍: ഇംഗ്ലണ്ട് 294 & 329, ഓസ്‌ട്രേലിയ 225 & 263.  ഇതോടെ പരമ്പര 2-2 സമനിലയില്‍ കലാശിച്ചു. എന്നാല്‍ ആഷസ് കിരീടം ഓസ്‌ട്രേലിയ നാലാം സ്വന്തമാക്കിയിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസ് നാലാം ദിനം 263 എല്ലാവരും പുറത്താവുകയായിരുന്നു. 117 റണ്‍സ് നേടിയ മാത്യു വെയ്ഡ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. 17 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിങ്‌സ്. ഈ ആഷസില്‍ നാലാമത്തേയും കരിയറിലെ നാലാം സെഞ്ചുറിയുമാണിത്. നാല് വിക്കറ്റ് വീതം നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും ജാക്ക് ലീച്ചുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 

ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാര്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയപ്പോള്‍ തുടക്കം പാളി. മാര്‍കസ് ഹാരിസ് (9), ഡേവിഡ് വാര്‍ണര്‍ (11), മര്‍നസ് ലബുഷാഗ്നെ (14), സ്റ്റീവന്‍ സ്മിത്ത് (23), മിച്ചല്‍ മാര്‍ഷ് (24), ടിം പെയ്ന്‍ (21), പാറ്റ് കമ്മിന്‍സ് (9), നഥാന്‍ ലിയോണ്‍ (1), ജോഷ് ഹേസല്‍വുഡ് (0) എന്നിവരാണ് പുറത്തായ താരങ്ങള്‍. പീറ്റര്‍ സിഡില്‍ (3) പുറത്താവാതെ നിന്നു. 

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 329ന് പുറത്തായി. എട്ടിന് 313 എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് 16 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. 94 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് ടോപ് സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ് 67 റണ്‍സെടുത്തു. ഓസീസിനായി നഥാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 69 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്.