ഗാബയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ തോറ്റിട്ടില്ലെന്ന ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് ഇന്ത്യ കഴിഞ്ഞവര്‍ഷം തകര്‍ത്തിരുന്നു. ആഷസ് പരമ്പരക്ക് മുന്നോടിയായി ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റില്‍ കളിക്കും.

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ആവേശപ്പോരാട്ടമായ ആഷസ് പരമ്പരയ്‌ക്ക് ഡിസംബർ എട്ടിന് തുടക്കമാവും. ബ്രിസ്‌ബെയ്‌നിലെ ഗാബയിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് അഡലെയ്ഡിൽ രാത്രിയും പകലുമായി നടക്കും. മെൽബൺ, സിഡ്നി, പെർത്ത് എന്നിവിടങ്ങളിലാവും മറ്റ് ടെസ്റ്റുകൾ. കാണികളെ പ്രവേശിപ്പിച്ചായിരിക്കും മത്സരങ്ങൾ നടത്തുകയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

ഗാബയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ തോറ്റിട്ടില്ലെന്ന ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് ഇന്ത്യ കഴിഞ്ഞവര്‍ഷം തകര്‍ത്തിരുന്നു. ആഷസ് പരമ്പരക്ക് മുന്നോടിയായി ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റില്‍ കളിക്കും. ഹൊബാര്‍ട്ടാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിന് വേദിയാവുക. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ആഷസ് പരമ്പര 2-2 സമനിലയായതോടെ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ഓസ്ട്രേലിയ കിരീടം നിലനിര്‍ത്തിയിരുന്നു. 47 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ആഷസ് പരമ്പര സമനിലയാവുന്നത്.

പുരുഷ ടീമിന്‍റെ പരമ്പരക്കുശേഷം വനിതകളുടെ ആഷസ് പരമ്പര ജനുവരി 27ന് മനൗക ഓവലില്‍ ആരംഭിക്കും. ഒരു ടെസ്റ്റും മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്ന ഫോര്‍മാറ്റിലാണ് ഇത്തവണ വനിതകളുടെ ആഷസ് നടക്കുക. എല്ലാ മത്സരങ്ങളിലുമായി കൂടുതല്‍ പോയന്‍റ് നേടുന്ന ടീം ജയിക്കും. വനിതകളുടെ ആഷസിന് മുന്നോടിയായി ഓസീസ് വനിതാ ടീം ഇന്ത്യന്‍ ടീമിനെതിരായ പരമ്പരയിലും കളിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona