ലീഡ്‌സ്: പത്താം വിക്കറ്റില്‍ അവസാനക്കാരനെ കൂട്ടുപിടിച്ച് 76 റണ്‍സ് കൂട്ടിച്ചേര്‍ക്കുക. ഇതിനിടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന് അടിച്ചെടുക്കുക. ആദ്യ ഇന്നിംഗ്‌സില്‍ വെറും 67 റണ്‍സില്‍ പുറത്തായ ടീമിന് ഒടുവില്‍ ഒരു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം സമ്മാനിക്കുക. ഇതൊക്കെ സംഭവിച്ചത് ബെന്‍ സ്റ്റോക്‌സ് ക്രീസിലുണ്ടായപ്പോഴാണ് എന്ന് ക്രിക്കറ്റ് ചരിത്രത്തില്‍ രേഖപ്പെട്ടുകഴിഞ്ഞു. ആഷസില്‍ ഇംഗ്ലണ്ടിന്‍റെ ജീവന്‍ നിലര്‍ത്തുകയായിരുന്നു സ്റ്റോക്‌സിന്‍റെ ബാറ്റ്. 

ആഷസ് മൂന്നാം ടെസ്റ്റില്‍ 135 റണ്‍സുമായി ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്‍റെ ജയം സമ്മാനിച്ച സ്റ്റോക്‌സിനെ വാരിപ്പുണരുകയാണ് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍. അത്രയ്‌ക്ക് കേമമായിരുന്നു ലീഡ്‌സിലെ 'ബിഗ്‌ ബെന്‍' ഷോ. സ്റ്റോക്‌സിന്‍റെ മാന്ത്രിക ഇന്നിംഗ്‌സ് കണ്ടതിന്‍റെ ഞെട്ടല്‍ എല്ലാവരുടെയും പ്രതികരണങ്ങളിലുണ്ടായിരുന്നു. അവസാനക്കാരനായ ജാക്കിനെ കൂട്ടുപിടിച്ച് സെഞ്ചുറി നേടിയ സ്റ്റോക്‌സ് 219 പന്തില്‍ 11 ഫോറുകളും എട്ട് സിക്‌സുകളും സഹിതം 135 റണ്‍സാണ് ഐതിഹാസിക ഇന്നിംഗ്‌സില്‍ അക്കൗണ്ടിലാക്കിയത്. 

രണ്ടാം ഇന്നിംഗ്‌സില്‍ 359 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ ചേസിംഗ് ജയമാണ് നേടിയത്. സ്‌കോര്‍: ഓസീസ്-179, 246. ഇംഗ്ലണ്ട്-67, 362/9. ഒന്‍പതാമനായി ബ്രോഡ് പുറത്താകുമ്പോള്‍ 286 റണ്‍സാണ് ഇംഗ്ലീഷ് അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ അവസാന വിക്കറ്റില്‍ ജാക്കിനെ കൂട്ടുപിടിച്ച് എട്ടാം ടെസ്റ്റ് ശതകവുമായി സംഹാരതാണ്ഡവമാടി സ്റ്റോക്‌സ്. 76 റണ്‍സാണ് സ്റ്റോക്‌സും ജാക്കും ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.