ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ആഴത്തില്‍ പിന്തുടരുന്ന വ്യക്തിയാണ് പാകിസ്ഥാന്‍ മുന്‍ താരം ഷൊയ്ബ് അക്തര്‍. അദ്ദേഹത്തിന് ഇന്ത്യന്‍ താരങ്ങളുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഇന്ത്യയുടെ മുക്കും മൂലയും നല്ലപോലെ ആറിയാവുന്ന വ്യക്തിയാണ് താനെന്ന് ഒരിക്കല്‍ അക്തര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കളിച്ചിരുന്ന കാലത്ത് സ്വഭാവദൂഷ്യത്തിന് എപ്പോഴും പഴി കേട്ടിട്ടുള്ള താരമാണ് അക്തര്‍. എതിര്‍താരങ്ങളുമായി പലപ്പോഴും അദ്ദേഹം കൊമ്പ് കോര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കെതിരെയും താരം വാക് പോര് നടത്തിയിട്ടുണ്ട്. 

ഇപ്പോഴിതാ അക്തര്‍ തനിക്കെതിരെ നടത്തിയ സ്ലെഡ്ജിങ്ങിനെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. 2004ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിക്കിടെയാണ് സംഭവം. കഴിഞ്ഞ ദിവസം വിസ്ഡന്റെ ഗ്രേറ്റസ്റ്റ് റിവല്‍ റി പോഡ്കാസ്റ്റില്‍ പങ്കെടുക്കുമ്പോളായിരുന്നു നെഹ്‌റ ഇക്കാര്യം പറഞ്ഞത്. നെഹ്‌റ വിവരിച്ചു... ''അന്ന് പഞ്ചാബി ഭാഷയിലാണ് അക്തര്‍ എന്നെ സ്ലഡ്ജ് ചെയ്തത്. 2004 ചാംപ്യന്‍സ് ട്രോഫിക്കിടെയാണ് സംഭവം. മത്സരത്തില്‍ ഇന്ത്യന്‍ പരാജയപ്പെട്ടിരുന്നു. അവസാനം എന്റെ വിക്കറ്റാണ് നഷ്ടമായത്. അക്തറിനായിരുന്നു വിക്കറ്റ്. അക്തറിന്റെ ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഷാഹിദ് അഫ്രീദിക്ക് ക്യാച്ച് നല്‍കി. 

പവലിയനിലേക്ക് മടങ്ങുന്നതിനിടെ അക്തര്‍ എന്നെ പ്രകോപിപ്പിച്ചു. പുള്‍ ചെയ്യുന്നതിന് മുന്‍പ് ആരെയാണ് നേരിടുന്നത് എന്ന് അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പഞ്ചാബിയില്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ്. ശേഷം ഞങ്ങള്‍ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. പലപ്പോഴും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയ വൈര്യമുണ്ടെങ്കിലും പഴയ താരങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണ്.'' നെഹ്‌റ പറഞ്ഞുനിര്‍ത്തി.