ഐപിഎല്ലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണെക്കുറിച്ച് മനസുതുറന്ന് ആര്‍ അശ്വിന്‍.
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണുമായി തനിക്ക് സഹോദരതുല്യമായ ബന്ധമാണ് ഗ്രൗണ്ടിന് പുറത്തുള്ളതെന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. അധികം സംസാരിക്കാത്തയാളെന്നത് സഞ്ജുവിനെക്കുറിച്ചുള്ള തെറ്റായ മുന്‍ധാരണയാണെന്നും അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഗ്രൗണ്ടിന് പുറത്ത് സഞ്ജു ഒരുപാട് തമാശകള്‍ പറയുന്ന ആളാണ്. സഞ്ജുവിന് തമിഴറിയാം, മലയാളം അറിയാം, ഹിന്ദിയും അറിയാം. ഞാനൊരു സിനിമാ പ്രേമിയാണ്. എന്നെപ്പോലെയാണ് സഞ്ജുവും. അതുകൊണ്ടുതന്നെ ഞങ്ങള്‍ പറയുന്ന തമാശയിലധികവും സിനിമാ ഡയലോഗുകളൊക്കെ ആയിരിക്കും. അത് ചിലപ്പോള്‍ മറ്റ് പലര്‍ക്കും മനസിലാവണമെന്നില്ല.
സഞ്ജു മിതഭാഷിയാണെന്നത് ആളുകളുടെ തെറ്റായ ധാരണായാണ്. ഗ്രൗണ്ടിലിറങ്ങിയാല്‍ പക്ഷെ താനും സഞ്ജുവും തികച്ചും പ്രഫഷണല്‍ താരങ്ങളാണ്. എന്‍റെ പരിചയസമ്പത്തുവെച്ച് മത്സരസാഹചര്യം അനുസരിച്ച് ഞാന്‍ സഞ്ജുവിന് പല ഉപദേശങ്ങളും നല്‍കാറുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ അതില്‍ അവന് വേണ്ടത് അവന്‍ എടുക്കും. അതുപോലെ എന്നില്‍ നിന്ന് എന്താണ് വേണ്ടതെന്ന് സഞ്ജുവും പറയാറുണ്ട്. യുവ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്‍റേത് അസാമാന്യ പ്രകടനമാണെന്നും അശ്വിന്‍ പറഞ്ഞു.
22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 24നാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ആണ് ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ എതിരാളികള്‍. 28ന് ഡല്‍ഹി ക്യാപിറ്റല്‍സിനെയും ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെയും ആറിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാജസ്ഥാന്‍ റോയല്‍സ് നേരിടും.
