അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം അശ്വിനെ സ്വീകരിക്കാനായി വീട്ടിലെത്തിയിരുന്നു.
ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ചെന്നൈയില്‍ തിരിച്ചെത്തി ആര്‍ അശ്വിന്‍. ഇന്ന് ചെന്നൈയില്‍ എത്തിയ അശ്വിന് വീട്ടില്‍ വന്‍ സ്വികരണമാണ് പ്രദേശവാസികള്‍ ഒരുക്കിയത്. വാദ്യമേളങ്ങളോടെ അശ്വിനെ വരവേറ്റ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് അശ്വിനെ പുഷ്പവൃഷ്ടി നടത്തിയും ഹാരമണിയിച്ചും സ്വീകരിച്ചു. അശ്വിന്‍റെ ഭാര്യ പ്രീതിയും മക്കളും അശ്വിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ അശ്വിനെ പിതാവ് രവിചന്ദ്രൻ ചുംബനം നല്‍കിയാണ് സ്വീകരിച്ചത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം അശ്വിനെ സ്വീകരിക്കാനായി വീട്ടിലെത്തിയിരുന്നു. ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന മൂന്ന് മത്സര പരമ്പരയില്‍ ഒമ്പത് വിക്കറ്റ് മാത്രമെ അശ്വിന് വീഴ്ത്താനായിരുന്നുള്ളു. ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ പരമ്പരയില്‍ അശ്വിന് മികവിലേക്ക് ഉയരാനാകാഞ്ഞത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിരുന്നു. പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെങ്കില്‍ മാത്രമെ തന്നെ പരിഗണിക്കേണ്ടതുള്ളൂ എന്ന് അശ്വിന്‍ സെലക്ടര്‍മാരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്.
രോഹിത് ശര്‍മ തിരിച്ചെത്തിയ രണ്ടാം ടെസ്റ്റില്‍ അശ്വിൻ കളിച്ചെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. പിന്നാലെ ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നിന്നും അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത വിരളമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
