ചെന്നൈ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടയില്‍ ചെന്നൈ നഗരത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കി ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ജനങ്ങള്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ജീവിക്കുന്നതെന്ന് അശ്വിന്‍ ട്വിറ്ററില്‍ വ്യക്താക്കി. ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 പിന്നിട്ടതിനു പിന്നാലെയാണ് അശ്വിന്റെ ട്വീറ്റ് എത്തിയത്.

കാറോണ വൈറസ് ബാധയ്‌ക്കെതിരെ ബോധവല്‍ക്കരണവുമായി ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുന്നതിനിടെയാണ് ചെന്നൈയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അശ്വിന്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റ് ഇങ്ങനെ... 'ഒരു കാര്യം വ്യക്തമായി പറയട്ടെ. കൂട്ടം ചേരുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന കാര്യമൊന്നും ചെന്നൈയിലെ ജനങ്ങളുടെ ശ്രദ്ധയിലെത്തിയതായി തോന്നുന്നില്ല. ഒന്നുകില്‍ ചൂടുകാലത്ത് ഇതൊന്നും നിലനില്‍ക്കില്ലെന്ന പ്രതീക്ഷയോ അല്ലെങ്കില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസമോ ആകാം അതിനു കാരണം.' അശ്വിന്‍ ട്വീറ്റ് ചെയ്തു. 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകത്ത് കായികമേഖല സ്തംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കിയിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലും മാര്‍ച്ച് 29ന് ആരംഭിക്കേണ്ടതായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏപ്രില്‍ 15 വരെ നീട്ടിവച്ചിരിക്കുകയാണ്. വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഐപിഎല്‍ നടക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.