ചെന്നൈ: ഇന്ത്യന്‍ ടെസ്റ്റ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ഇംഗ്ലീഷ് കൗണ്ടി ടീം നോട്ടിങ്ഹാംഷെയറുമായി കരാര്‍ ഒപ്പിട്ടു. ആറ് മത്സരങ്ങളാണ് അശ്വിന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. മുമ്പ് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ സ്ഥിരം താരമായിരുന്ന അശ്വിന്‍ 2017ന് ശേഷം നീലകുപ്പായമണിഞ്ഞിട്ടില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് മുന്നോടിയായിട്ടാണ് അശ്വിന്‍ കൗണ്ടി കളിക്കാന്‍ തീരുമാനിച്ചത്.

ഇത് രണ്ടാം തവണയാണ് അശ്വിന്‍ കൗണ്ടി കളിക്കുന്നത്. 2017ല്‍ വോര്‍സ്‌റ്റെര്‍ഷെയറിനായി അശ്വിന്‍ കളിച്ചിരുന്നു. അന്ന് 20 വിക്കറ്റ് നേടിയ അശ്വിന്‍ 214 റണ്‍സും സ്വന്തമാക്കി. സീസണില്‍ കൗണ്ടിയില്‍ കളിക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. 

നേരത്തെ ചേതേശ്വര്‍ പൂജാര യോര്‍ക്ക്‌ഷെയറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ കഴിഞ്ഞ ആഴ്ച ഹാംപ്‌ഷെയറുമായും കരാര്‍ ഒപ്പിട്ടിരുന്നു.