യുഎഇയില്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഓഗസ്റ്റ് എട്ടിന് മുമ്പ് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ടതുണ്ട്.

മുംബൈ: ട്വന്‍റി 20 ലോകകപ്പിന്(ICC Men's T20 World Cup 2022) പരിഗണിക്കുന്ന ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിയാകും ഏഷ്യാ കപ്പ് ടീം(Asia Cup 2022) പ്രഖ്യാപനമെന്ന് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. വിരാട് കോലിയും(Virat Kohli) കൊവിഡ് മുക്തനായ കെഎൽ രാഹുലും(KL Rahul) ഏഷ്യാ കപ്പിൽ കളിക്കും. ഓഗസ്റ്റ് 27ന് തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ(Indian National Cricket Team) എട്ടാം തീയ്യതിക്ക് മുമ്പ് പ്രഖ്യാപിക്കും. ഒക്ടോബറിലെ ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിലും ഇതേ ടീമിനെ ഇന്ത്യ അണിനിരത്തുമെന്നാണ് സൂചന.

ഇടംപിടിക്കുമോ സഞ്ജു സാംസണ്‍?

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിന് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. യുഎഇയില്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഓഗസ്റ്റ് എട്ടിന് മുമ്പ് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. മുതിര്‍ന്ന താരങ്ങളും യുവാക്കളും തിങ്ങിനിറഞ്ഞ ഇന്ത്യന്‍ സ്റ്റാര്‍ പട്ടികയില്‍ നിന്ന് സ്‌ക്വാഡിനെ തെര‍ഞ്ഞെടുക്കുക സെലക്‌ടര്‍മാര്‍ക്ക് വെല്ലുവിളിയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷ കേരളത്തിലെ ആരാധകര്‍ക്കുണ്ട്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവരും വിക്കറ്റ് കീപ്പര്‍മാരായി പോരാട്ടരംഗത്ത് സജീവമാണ്. സമീപകാല ഫോമിന്‍റെ അടിസ്ഥാനത്തില്‍ ഫിനിഷറുടെ റോളില്‍ ഡികെ ഇടംപിടിക്കുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. 

ശ്രീലങ്കയിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വേദിമാറ്റം. ലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്കയുടെ പിന്‍മാറ്റം. മത്സരങ്ങള്‍ അരങ്ങേറേണ്ട കാലയളവില്‍ മഴയില്ലാത്ത ഏക സ്ഥലമെന്ന നിലയിലാണ് യുഎഇയെ വേദിയായി തെരഞ്ഞെടുത്തത്. 

ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാര്‍ 

ഏഷ്യാ കപ്പിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ദുബായില്‍ 2018ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കിരീടത്തില്‍ മുത്തമിട്ടു. കിരീടം നിലനിര്‍ത്തുന്നതിനൊപ്പം ടി20 ലോകകപ്പിന് ശക്തമായ തയ്യാറെടുപ്പ് നടത്തുകയും നീലപ്പട ലക്ഷ്യമിടുന്നു. 

വിമര്‍ശനങ്ങളില്‍ കോലി പിന്നോട്ടില്ല; ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാന്‍ സന്നദ്ധതയുമായി രംഗത്ത്