Asianet News MalayalamAsianet News Malayalam

നമിച്ചു മുത്തേ... ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സര്‍ ഫിനിഷിംഗിന് ഡികെയുടെ വീരവണക്കം- വൈറല്‍ വീഡിയോ

ഹാര്‍ദിക് പാണ്ഡ്യ ആദ്യം പന്ത് കൊണ്ടും പിന്നാലെ ബാറ്റ് കൊണ്ടും പാകിസ്ഥാനെ തകര്‍ത്ത മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു

Asia Cup 2022 IND vs PAK Watch Dinesh Karthik epic reaction to Hardik Pandya sixer finishing
Author
First Published Aug 29, 2022, 11:23 AM IST

ദുബായ്: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം എന്നും ആരാധകരുടെ സിരകളില്‍ ആവേശത്തീ പടര്‍ത്തുന്ന മത്സരങ്ങളാണ്. ഏഷ്യാ കപ്പ് പോലൊരു ടൂര്‍ണമെന്‍റാകുമ്പോള്‍ ആവേശം ഇരട്ടിയാകും. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സര്‍ ഫിനിഷിംഗ് കൂടിയായപ്പോള്‍ ആവേശം ഹിമാലയത്തോളം ഉയര്‍ന്നു. നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന ദിനേശ് കാര്‍ത്തിനായിരുന്നു ഏറ്റവും ആവേശം. 

സമീപകാലത്ത് ടീം ഇന്ത്യയുടെ 'ദി ഫിനിഷര്‍' എന്ന പേരുകേട്ട താരമാണ് ദിനേശ് കാര്‍ത്തിക്. അതേ ഡികെ, ഹാര്‍ദിക് പാണ്ഡ്യയുടെ ഫിനിഷിംഗ് പാടവം കണ്ട് അദ്ദേഹത്തെ നമിക്കുകയായിരുന്നു. കാണാം ആ ദൃശ്യങ്ങള്‍. 

പാണ്ഡ്യയുടെ വിളയാട്ടം

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം അക്ഷാര്‍ഥത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് താണ്ഡവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റും 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 33 റണ്‍സും പേരിലാക്കിയ പാണ്ഡ്യ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ടി20 ലോകകപ്പ് വരാനിരിക്കേ ടീമില്‍ പാണ്ഡ്യയുടെ റോള്‍ വ്യക്തമാക്കുന്നതായി മത്സരം. 

ഹാര്‍ദിക് പാണ്ഡ്യ ആദ്യം പന്ത് കൊണ്ടും പിന്നാലെ ബാറ്റ് കൊണ്ടും പാകിസ്ഥാനെ തകര്‍ത്ത മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 148 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ ഹാര്‍ദിക്കിന്‍റെ സിക്‌സോടെ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 12ഉം ഉപനായകന്‍ കെ എല്‍ രാഹുല്‍ പൂജ്യത്തിനും പുറത്തായപ്പോള്‍ 100-ാം രാജ്യാന്തര ടി20 കളിച്ച വിരാട് കോലിയുടെയും നാലാമനായി സ്ഥാനക്കയറ്റം കിട്ടിയ രവീന്ദ്ര ജഡേജയുടേയും 35 റണ്‍സ് ഇന്ത്യക്ക് നിര്‍ണായകമായി. മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ടും അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. 

10 വിക്കറ്റും പേസര്‍മാര്‍ക്ക് 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ പേസര്‍മാരാണ് 10 വിക്കറ്റും പിഴുതത്. ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്‌ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. 42 പന്തില്‍ 43 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌‌വാനാണ് പാകിസ്ഥാന്‍റെ ടോപ്പര്‍. ബാബര്‍ അസം 10ല്‍ പുറത്തായി. 

ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തത് ബാബര്‍ അസമിന്‍റെ ഒരു കാഞ്ഞബുദ്ധി; മത്സര ശേഷം വെളിപ്പെടുത്തല്‍

Follow Us:
Download App:
  • android
  • ios