കോലി പരിശീലനത്തിനെത്തിയപ്പോള്‍, പണ്ട് സച്ചിനായി ഗാലറി ആര്‍പ്പുവിളിച്ചതുപോലെയുണ്ടായിരുന്നു എന്നാണ് ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികളെല്ലാം. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ 100-ാം രാജ്യാന്തര ടി20 മത്സരം കൂടെയാണിത്. ചരിത്ര മത്സരത്തിന് മുന്നോടിയായി കോലി മൈതാനത്ത് അവസാനവട്ട പരിശീലനത്തിന് ഇറങ്ങിയപ്പോഴേ ഗാലറി ഇളകിമറിഞ്ഞു. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പരിശീലനത്തിന് എത്തുമ്പോള്‍ കണ്ട അതേ ആരവമാണ് കോലി എത്തിയപ്പോള്‍ കണ്ടത് എന്നാണ് മുന്‍താരം ഇര്‍ഫാന്‍ പത്താന്‍റെ വാക്കുകള്‍. 

കോലി പരിശീലനത്തിനെത്തിയപ്പോള്‍, പണ്ട് സച്ചിനായി ഗാലറി ആര്‍പ്പുവിളിച്ചതുപോലെയുണ്ടായിരുന്നു എന്നാണ് ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം. മത്സരത്തിന് മണിക്കൂറുകള്‍ മുന്നേ ആരാധകര്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇര്‍ഫാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 

നൂറാം രാജ്യാന്തര ടി20 കളിക്കുന്ന വിരാട് കോലിയെ മത്സരത്തിന് മുമ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഹതാരങ്ങളും അഭിനന്ദിച്ചു. മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം താരവുമായിരിക്കുകയാണ് കിംഗ് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലര്‍ മാത്രമേ മുമ്പ് മൂന്ന് ഫോര്‍മാറ്റിലും നൂറ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂ. 99 രാജ്യാന്തര ടി20യില്‍ 137.66 സ്‌ട്രൈക്ക് റേറ്റിലും 50.12 ശരാശരിയിലും 30 അര്‍ധ സെഞ്ചുറികളോടെ 3308 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 94 ആണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ന് ഒരു ബൗണ്ടറി കൂടി നേടിയാല്‍ രാജ്യാന്തര ടി20 കരിയറില്‍ 300 ഫോറുകള്‍ പൂര്‍ത്തിയാക്കാനും കോലിക്കാകും. 

പാകിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. 

ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ വമ്പന്‍ സര്‍പ്രൈസ്