സൂപ്പര്‍ ഫോറിന്‍റെ എല്ലാം ആകാംക്ഷയും ആവേശവും നിറഞ്ഞ മത്സരമായിരുന്നു അഫ്‌‌ഗാനും പാകിസ്ഥാനും തമ്മില്‍ നടന്നത്

ഷാര്‍ജ: ഏഷ്യാ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ത്രില്ലര്‍ ഫിനിഷിംഗുകളൊന്നിനാണ് ഇന്നലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഫ്‌ഗാനെ രണ്ട് സിക്‌സറിന് തൂക്കി പാകിസ്ഥാന്‍ ഒരു വിക്കറ്റിന്‍റെ ജയവുമായി ഫൈനലിലെത്തിയപ്പോള്‍ ടീം ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത് ആരാധകര്‍ക്ക് നിരാശയായി. അഫ്‌ഗാന്‍ ജയിക്കുമെന്ന് ഒരവസരത്തില്‍ തോന്നിച്ച ഇടത്തുനിന്നാണ്, ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ തീകോരിയിട്ട് നസീം ഷാ രണ്ട് സിക്‌സുകള്‍ പറത്തിയത്. 

സൂപ്പര്‍ ഫോറിന്‍റെ എല്ലാം ആകാംക്ഷയും ആവേശവും നിറഞ്ഞ മത്സരമായിരുന്നു അഫ്‌‌ഗാനും പാകിസ്ഥാനും തമ്മില്‍ നടന്നത്. മത്സരഫലം ഇന്ത്യയുടെ ഭാവിയെ തീരുമാനിക്കും എന്നതും ആകാംക്ഷ കൂട്ടി. ആദ്യം ബാറ്റ് ചെയ്ത് 129 റണ്‍സില്‍ അഫ്‌ഗാന്‍ ഒതുങ്ങിയപ്പോള്‍ പാകിസ്ഥാന്‍ ജയം മനസില്‍ക്കണ്ടതാണ്. എന്നാല്‍ നായകന്‍ ബാബര്‍ അസമിനെ പൂജ്യത്തിനും തകര്‍പ്പന്‍ ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ 20നും ഫഖര്‍ സമാനെ അഞ്ചിനും മടക്കി അഫ്‌ഗാന്‍ ബൗളര്‍മാര്‍ ഞെട്ടിച്ചതോടെ കഥ മാറി. 

മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ 8.4 ഓവറില്‍ 45 റണ്‍സ് മാത്രമാണ് പാകിസ്ഥാനുണ്ടായിരുന്നത്. 30 റണ്‍സെടുത്ത ഇഫ്‌തിഖര്‍ അഹമ്മദും 36 റണ്‍സെടുത്ത ഷദാബ് ഖാനും 16 റണ്‍സെടുത്ത ആസിഫ് അലിയും മാത്രമേ പിന്നീട് പൊരുതിയുള്ളൂ. മൂന്ന് വീതം വിക്കറ്റുമായി ഫസല്‍ഹഖ് ഫറൂഖിയും ഫരീദ് അഹമ്മദ് മാലിക്കും രണ്ട് താരങ്ങളെ പുറത്താക്കി റാഷിദ് ഖാനും കളംനിറഞ്ഞതോടെ മത്സരം അവസാന ഓവര്‍ ആവേശത്തിലേക്ക് നീണ്ടു. 

അവസാന ഓവറില്‍ വിജയിക്കാന്‍ 11 റണ്‍സ് വേണ്ടപ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു പാകിസ്ഥാന്‍റെ കയ്യിലുണ്ടായിരുന്നത്. വാലറ്റക്കാരായി ക്രീസില്‍ നസീം ഷായും മുഹമ്മദ് ഹസ്‌നൈനും. പന്തെറിയുന്നത് ഇതിനോടകം മൂന്ന് വിക്കറ്റുമായി താരമായി മാറിക്കഴിഞ്ഞിരുന്ന ഫസല്‍ഹഖ് ഫറൂഖി. അഫ്‌ഗാന്‍ വിജയവും ഇന്ത്യ ഫൈനല്‍ പ്രതീക്ഷയും സ്വപ്നം കണ്ട നിമിഷം. എന്നാല്‍ ഫറൂഖിയുടെ ആദ്യ രണ്ട് പന്തുകളും ഫുള്‍ടോസായി മാറിയപ്പോള്‍ നസീം ഷാ സിക്‌സറുകളിലൂടെ നാല് പന്തും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്ഥാനെ ജയിപ്പിച്ചു. ഇതോടെ പാകിസ്ഥാന്‍ ഫൈനലിലും ടീം ഇന്ത്യ ടൂര്‍ണമെന്‍റിന് പുറത്തേക്കും മാര്‍ച്ച് ചെയ്യുകയായിരുന്നു. കാണാം നസീം ഷായുടെ സിക്‌സുകള്‍. 

Scroll to load tweet…

അഫ്ഗാനോട് അവസാന ഓവറില്‍ ത്രില്ലര്‍ ഫിനിഷ് നടത്തി പാകിസ്ഥാന്‍; ഇന്ത്യ ഏഷ്യാകപ്പിന് പുറത്ത്