ഈ വര്‍ഷം ധരംശാലയിലാണ് ഇന്ത്യ-ലങ്ക ടീമുകള്‍ ടി20യില്‍ അവസാനമായി നേര്‍ക്കുനേര്‍ വന്നത്

ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. സൂപ്പര്‍ ഫോറില്‍ അയല്‍ക്കാരായ ശ്രീലങ്കയാണ് എതിരാളികള്‍. ഫൈനല്‍ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ഇന്ത്യന്‍ ടീമിന് ഇന്ന് വിജയം അനിവാര്യമാണ്. മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ മികച്ച റെക്കോര്‍ഡ്. അവസാനം ഏറ്റുമുട്ടിയ മൂന്ന് ടി20കളിലും ഇന്ത്യക്കായിരുന്നു ജയം. രാജ്യാന്തര ടി20യിലെ ആകെ കണക്കിലും വ്യക്തമായ ആധിപത്യം ഇന്ത്യക്കുണ്ട്. 

നേര്‍ക്കുനേര്‍ കണക്ക്

രാജ്യാന്തര ടി20യില്‍ 25 മത്സരങ്ങളിലാണ് ഇന്ത്യയും ശ്രീലങ്കയും മുഖാമുഖം വന്നത്. 17 വിജയങ്ങളുമായി ഇന്ത്യക്ക് മികച്ച മുന്‍തൂക്കമുണ്ട്. ഏഴ് തവണയെ ഇന്ത്യയെ തളയ്‌ക്കാന്‍ ലങ്കയ്‌ക്കായുള്ളൂ. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു. ഏഷ്യാ കപ്പിലെ പ്രകടനം പരിശോധിച്ചാല്‍ ഇരു ടീമുകളും 10 വീതം മത്സരങ്ങള്‍ ജയിച്ചു. 

ഈ വര്‍ഷം ധരംശാലയിലാണ് ഇന്ത്യ-ലങ്ക ടീമുകള്‍ ടി20യില്‍ അവസാനമായി നേര്‍ക്കുനേര്‍ വന്നത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 146 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ശ്രേയസ് അയ്യരുടെ ബാറ്റിംഗ് മികവില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. അയ്യര്‍ 45 പന്തില്‍ പുറത്താകാതെ 73 റണ്‍സെടുത്തപ്പോള്‍ നാല് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ ആവേശ് ഖാന്‍ ബൗളിംഗില്‍ നിര്‍ണായകമായി. ജയത്തോടെ പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരിയിരുന്നു. ഇതും ഇന്നത്തെ മത്സരത്തിന് മുമ്പ് നീലപ്പടയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. 

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്ക്കാണ് ഇന്ത്യ-ശ്രീലങ്ക സൂപ്പര്‍ ഫോര്‍ തുടങ്ങുക. സൂപ്പർ ഫോറിൽ പാകിസ്ഥാനോട് തോറ്റതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ലങ്കയെയും അഫ്ഗാനിസ്ഥാനേയും തോൽപിച്ചാലേ ഇന്ത്യ ഫൈനലിലെത്തൂ. വിരാട് കോലിയടക്കമുള്ള ബാറ്റർമാർ ഫോമിലേക്ക് എത്തിയപ്പോൾ കുത്തഴിഞ്ഞ ബൗളിംഗാണ് ഇന്ത്യയുടെ ആശങ്ക. അതിനാല്‍ ടീം കോംപിനേഷനില്‍ മാറ്റങ്ങള്‍ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മുതിര്‍ന്നേക്കും. അഫ്ഗാനെ തോൽപിച്ചാണ് ലങ്ക ഇന്ത്യക്കെതിരെ വരുന്നത്. 

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം; ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ, സര്‍പ്രൈസ് നിറച്ച് ടീം കോംപിനേഷന്‍