Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: ടോപ് ഓര്‍ഡറില്‍ ഇടംകൈയന്‍ വേണം; റിഷഭ് പന്ത് ഓപ്പണറാവും?

കെ എൽ രാഹുലിന്‍റെ മോശം ഫോം തുടരുകയാണെങ്കിൽ രോഹിത് ശർമ്മയ്ക്കൊപ്പം റിഷഭ് പന്തിനെ ഓപ്പണർ ആക്കുന്നത് പരിഗണിച്ചേക്കും

Asia Cup 2022 Team India need a left hander in top order as Rishabh Pant can open innings
Author
First Published Aug 30, 2022, 7:18 AM IST

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യൻ ബാറ്റിംഗ് ക്രമം ചർച്ചയാവുകയാണ്. മുൻനിരയിൽ ഇടംകൈയൻ ബാറ്റർ വേണമെന്ന അഭിപ്രായം ശക്തമാണ്. ടി20 ലോകകപ്പിന് മുമ്പ് ഈ പ്രശ്‌നം പരിഹരിക്കുക പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കും തലവേദനയാവും. 

അവസാന 3, 4 ഓവറിൽ എത്ര ഉയർന്ന വിജയലക്ഷ്യവും മറികടക്കുന്ന ഫിനിഷർ ആണ് ദിനേശ് കാർത്തിക് എന്ന ഉറച്ച വിശ്വാസമാണ് ഇന്ത്യൻ ടീം മാനേജ്മെന്‍റിന് ഉള്ളത്. അതിനാല്‍ കാർത്തിക്കിന് അവസരം ലഭിച്ചപ്പോൾ റിഷഭ് പന്ത് പുറത്തുപോയി. പന്ത് ഇല്ലാത്തതോടെ ഇടംകൈയൻ ബാറ്ററുടെ അഭാവം തിരിച്ചടിയാകുമെന്ന് മനസിലാക്കിയ ഇന്ത്യന്‍ ടീം പാകിസ്ഥാനെതിരെ രവീന്ദ്ര ജഡേജയെ നാലാമനായി അയച്ചു. അപ്രതീക്ഷിതമായ ഈ നീക്കം പാകിസ്ഥാന്‍റെ കണക്കുകൂട്ടൽ തെറ്റിച്ചു. എന്നാൽ എല്ലാ മത്സരങ്ങളിലും ജഡേജയ്ക്ക് സ്ഥാനക്കയറ്റം നൽകാനാകുമോയെന്ന സംശയം ശക്തമാണ്.

കെ എൽ രാഹുലിന്‍റെ മോശം ഫോം തുടരുകയാണെങ്കിൽ രോഹിത് ശർമ്മയ്ക്കൊപ്പം റിഷഭ് പന്തിനെ ഓപ്പണർ ആക്കുന്നത് പരിഗണിച്ചേക്കും. വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരെ നിലവിൽ ഒഴിവാക്കാനാകില്ല. ലോകകപ്പാകുമ്പോഴേക്കും ഇടംകൈയനായ പന്തിന് കൂടി ഇടം ലഭിക്കുന്ന ബാറ്റിംഗ് ക്രമം സാധ്യമോ എന്ന അന്വേഷണത്തിലാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മ്മയും. 

പാകിസ്ഥാനെതിരെ രവീന്ദ്ര ജഡേജയെ നേരത്തെയിറക്കിയ തീരുമാനം വിജയിച്ചിരുന്നു. 29 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും നേടിയ ജഡേജ 35 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് പുറത്തായത്. പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന ഏക ഇടംകൈയനായിരുന്നു ജഡേജ. മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ രണ്ട് പന്ത് ബാക്കിനില്‍ക്കേ 147 റണ്‍സ് വിജയലക്ഷ്യം മറികടന്നു. 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത പാണ്ഡ്യ ബാറ്റിംഗില്‍ 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 33 റണ്‍സുമെടുത്തു. 

ടി20യില്‍ റിഷഭ് പന്ത് അത്ര പോരാ, കാര്‍ത്തിക്കിനെ കളിപ്പിച്ചത് ശരിയായ തീരുമാനമെന്ന് ഹര്‍ഭജന്‍

Latest Videos
Follow Us:
Download App:
  • android
  • ios