യോഗ്യതാ മത്സരങ്ങള്‍ ഓഗസ്റ്റ് 20ന് ആരംഭിക്കും. 2020ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 2021 ജൂണില്‍ നടത്താന്‍ ആലോചിച്ചെങ്കിലും കൊവിഡ് വീണ്ടും വില്ലനായി.
ദുബായ്: 2020ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് (Asia Cup) ഈ വര്‍ഷം ശ്രീലങ്കയില്‍ നടക്കും. ടി20 ഫോര്‍മറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് നടക്കുക. യോഗ്യതാ മത്സരങ്ങള്‍ ഓഗസ്റ്റ് 20ന് ആരംഭിക്കും. 2020ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 2021 ജൂണില്‍ നടത്താന്‍ ആലോചിച്ചെങ്കിലും കൊവിഡ് വീണ്ടും വില്ലനായി.
ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരാണ് ഇന്ത്യ (Team India). 2018ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റ് ഇന്ത്യയുടെ ഇപ്പോഴത്തെ മുഴുവന്‍ സമയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. അതിനു മുമ്പ് 2016ലും ഇന്ത്യയായിരുന്നു ജേതാക്കള്‍. എം എസ് ധോണിയുടെ കീഴില്‍ ഇന്ത്യ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഹാട്രിക് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഏറ്റവുമധികം ഏഷ്യാകപ്പ് സ്വന്തമാക്കിയ ടീമാണ് ഇന്ത്യ. ഏഴു തവണ ഇന്ത്യ ജേതാക്കളായി. കഴിഞ്ഞ രണ്ട് തവണ ജേതാക്കളായതിന് പുറമെ 1984, 88, 1990, 95, 2010 വര്‍ഷങ്ങളിലും ഇന്ത്യ കിരീടമുയര്‍ത്തി. രണ്ട് തവണ ധോണിക്ക് കീഴിലായിരുന്നു കിരീടനേട്ടം. ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ നിര്‍ണായക തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ വര്‍ഷത്തെ ഏഷ്യാകപ്പ്.
ആവസാന തവണ വിരാട് കോലിക്ക് വിശ്രമം നല്‍കിയപ്പോഴാണ് രോഹിത് ക്യാപ്റ്റനാകുന്നത്. മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും ടീമിലുണ്ടായിരുന്നു.
