Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെതിരായ തോല്‍വി, അര്‍ഷ്‌ദീപിനെ ഖാലിസ്ഥാനി എന്നുവിളിച്ച് സൈബര്‍ ആക്രമണം; പിന്നില്‍ പാക് അക്കൗണ്ടുകള്‍

ക്യാച്ച് കൈവിട്ടതിനും ഇന്ത്യയുടെ തോല്‍വിക്കും പിന്നാലെ അര്‍ഷ്‌ദീപ് സിംഗിനെ ഖാലിസ്ഥാനി എന്ന് വിളിച്ച് നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു

Asia Cup 2022 Twitter accounts from Pakistan behind cyber attack on Indian pacer Arshdeep Singh after lose to Pak reports
Author
First Published Sep 5, 2022, 7:18 AM IST

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനോട് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയതിന് പിന്നാലെ വ്യാപക സൈബര്‍ ആക്രമണമാണ് പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് നേരെയുണ്ടായത്. രവി ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിന്റെ മൂന്നാം പന്തിലാണ് ആസിഫ് അലി നല്‍കിയ അവസരം അര്‍ഷ്‌ദീപ് കൈവിട്ടത്. ഇതിന് പിന്നാലെയായിരുന്നു താരത്തിന് നേരെ സൈബര്‍ ആക്രമണം. 

നിര്‍ണായകമായ ക്യാച്ച് കൈവിട്ടത് മുതല്‍ അര്‍ഷ്‌ദീപ് സിംഗിനെ കടന്നാക്രമിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വിഭാഗം. അര്‍ഷ്‌ദീപിന്‍റെ കുടുംബത്തെ വരെ ചിലര്‍ വിമര്‍ശനങ്ങളിലേക്ക് വലിച്ചിഴച്ചു. അര്‍ഷ്‌ദീപ് സിംഗിനെ ഖാലിസ്ഥാനി എന്ന് വിളിച്ച് നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിന് പിന്നില്‍ പാക് അക്കൗണ്ടുകളാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. അര്‍ഷ്‌ദീപ് സിംഗിനെതിരായ സൈബര്‍ ആക്രമണത്തിനും വ്യാജ പ്രചാരണങ്ങള്‍ക്കുമെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. 

ആസിഫ് അലി വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. രവി ബിഷ്‌ണോയിക്കെതിരെ അലി കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ പന്ത് എഡ്ജായി ഷോര്‍ഡ് തേര്‍ഡില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു അര്‍ഷ്ദീപിന്റെ കൈകളിലേക്കെത്തി. എന്നാല്‍ അനായാസമെന്ന് തോന്നിച്ച ക്യാച്ച് താരം നിലത്തിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഇത് വിശ്വസിക്കാനായില്ല. എങ്കിലും പാക് ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ തകര്‍പ്പന്‍ യോര്‍ക്കറുകളുമായി മത്സരത്തിലേക്ക് അര്‍ഷ്‌ദീപ് ശക്തമായി തിരിച്ചുവരുന്നതിനും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി. മത്സരം 19.5 ഓവറിലേക്ക് നീട്ടിയത് അര്‍ഷ്‌ദീപിന്‍റെ ഈ തകര്‍പ്പന്‍ ഓവറാണ്. 

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റും ഒരു പന്തും ബാക്കിനില്‍ക്കേ ജയത്തിലെത്തി. 20 പന്തില്‍ 42 റണ്‍സും ഒരു വിക്കറ്റും മൂന്ന് ക്യാച്ചുമായി തിളങ്ങിയ മുഹമ്മദ് നവാസാണ് പാകിസ്ഥാന്‍റെ വിജയശില്‍പി. 51 പന്തില്‍ 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനും തിളങ്ങി. നേരത്തെ 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ ഉറപ്പിച്ചത്. 

ഇന്ത്യക്കുള്ള മറുപടി മുഹമ്മദ് റിസ്‌വാനിലൂടെ; ഏഷ്യാ കപ്പ് ആദ്യ മത്സരത്തിലെ തോല്‍വിക്ക് പാകിസ്ഥാന്‍റെ തിരിച്ചടി

Follow Us:
Download App:
  • android
  • ios