രാജ്യാന്തര ടി20യില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങളില്‍ ഇംഗ്ലീഷ് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗനെയും ലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേരയും പിന്നിലാക്കി
ഷാര്‍ജ: ഏഷ്യയിലെ കുഞ്ഞന്‍മാരില്‍ നിന്ന് വമ്പന്‍മാരിലേക്ക് കുതിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്ക് പിന്നാലെ ബംഗ്ലാദേശിനെയും നിലംപരിശാക്കി സൂപ്പര്‍ഫോറിലെത്തിക്കഴിഞ്ഞു അഫ്‌ഗാന്‍. 17 പന്തില്‍ ആറ് സിക്‌സറുകള്‍ സഹിതം 43* റണ്‍സുമായി ഇടിവെട്ട് ഫിനിഷറായി മാറിയ നജീബുള്ള സദ്രാനാണ് അഫ്‌ഗാന് ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. ഇതോടെ രാജ്യാന്തര ടി20യിലെ രണ്ട് ലോക റെക്കോര്‍ഡുകള്‍ നജീബുള്ളയുടെ പേരിലായി.
ഡെത്ത് ഓവറുകളില്‍ ഇതിഹാസ താരങ്ങളെ വരെ വെല്ലുന്ന തരത്തില്‍ സിക്‌സറുകള്‍ പറത്തുകയായിരുന്നു മുജീബുള്ള സദ്രാന്‍. 17-ാം ഓവറില്‍ ബംഗ്ലാദേശിന്‍റെ പരിചയസമ്പന്നനായ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മുസ്‌താഫിസൂര്‍ റഹ്‌മാനെ രണ്ടും അടുത്ത ഓവറില്‍ മുഹമ്മദ് സൈഫുദ്ദീനെ തുടര്‍ച്ചയായ രണ്ടും സിക്‌സറിനും പറത്തിയ നജീബുള്ള 19-ാം ഓവറിലെ മൂന്നാം പന്തില്‍ മൊസദേക്ക് ഹൊസൈനെ ഗാലറിയിലെത്തിച്ച് അഫ്‌ഗാന് ഏഷ്യാ കപ്പിലെ രണ്ടാം ജയം സമ്മാനിക്കുകയായിരുന്നു. നേരിട്ട 17 പന്തിനിടെ ഒരു ബൗണ്ടറിയും ആറ് കൂറ്റന്‍ സിക്‌സുകളുമാണ് ഇടംകൈയനായ നജീബുള്ള സദ്രാന്‍റെ ബാറ്റില്‍ നിന്ന് പറന്നത്.
രാജ്യാന്തര ടി20യില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങളില്‍ ഇംഗ്ലീഷ് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗനെയും ലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേരയും പിന്നിലാക്കി. 17 സിക്‌സുകള്‍ വീതം നേടിയ മോര്‍ഗനെയും പെരേരയും മറികടന്ന നജീബുള്ള തന്‍റെ നേട്ടം 18ലെത്തിച്ചു. രാജ്യാന്തര ടി20യില്‍ ഡെത്ത് ഓവറുകളില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമായും നജീബുള്ള മാറി. 47 സിക്‌സുകള്‍ നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ ഫിനിഷര്‍ ഡേവിഡ് മില്ലറെ മറികടന്ന നജീബുള്ള സദ്രാന്‍ തന്‍റെ നേട്ടം 53 സിക്‌സുകളിലെത്തിച്ചു. കാണാം നജീബുള്ളയുടെ ആറ് സിക്‌സുകളും.

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഒമ്പത് പന്തും ഏഴ് വിക്കറ്റും ബാക്കിനില്‍ക്കേ അഫ്ഗാന്‍ മറികടന്നു. 17 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന നജീബുള്ള സദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഇബ്രാഹിം സദ്രാന്‍ 41 പന്തില്‍ 42 റണ്‍സുമായും പുറത്താകാതെ നിന്നു. 23 റണ്‍സെടുത്ത ഓപ്പണര്‍ ഹസ്രത്തുള്ള സാസായിയും അഫ്ഗാനായി തിളങ്ങി. ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു.
ഏഷ്യാ കപ്പ്: സൂപ്പർഫോറിലെത്താന്‍ ഇന്ത്യ, എതിരാളികള്‍ ഹോങ്കോങ്; റിഷഭ് പന്ത് ഇലവനിലെത്തും
