പാഞ്ഞെടുത്ത ആസിഫ് അലി ബാറ്റുയര്‍ത്തിയതോടെ 'ഓണത്തല്ല്' നിയന്ത്രണം വിട്ടു

ഷാര്‍ജ: ഏഷ്യാ കപ്പില്‍ ഫൈനലിനോളം ആവേശം നിറഞ്ഞ മത്സരമായിരുന്നു സൂപ്പര്‍ ഫോറില്‍ അയല്‍ക്കാരായ പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മില്‍. അവസാന ഓവര്‍ ത്രില്ലറായി മാറിയ മത്സരത്തില്‍ ആവേശം മൂത്ത് താരങ്ങള്‍ ഏറ്റുമുട്ടുന്നതിനും ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി. 

പാകിസ്ഥാന്‍റെ റണ്‍ ചേസിംഗില്‍ 19-ാം ഓവറിലായിരുന്നു വിവാദ സംഭവം. അഫ്‌ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്‍റെ നാലാം പന്ത് ആസിഫ് അലി കൂറ്റന്‍ സിക്‌സറിന് പറത്തി. തൊട്ടടുത്ത പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ് ആസിഫിനെ ഷോര്‍ട് ഫൈന്‍‌ലെഗ് ഫീല്‍ഡറുടെ കൈകളിലെത്തിച്ചു ഫരീദ്. അഫ്‌ഗാന്‍ താരങ്ങള്‍ വിക്കറ്റാഘോഷം തുടങ്ങിയതോടെ കളി കാര്യമായി. ബൗളറുടെ ആവേശം ഇഷ്ടപ്പെടാതെ പോയ ആസിഫ് അലി അദ്ദേഹത്തെ തള്ളി. ഫരീദും വിട്ടുകൊടുത്തില്ല. പാഞ്ഞെടുത്ത ആസിഫ് അലി ബാറ്റുയര്‍ത്തിയതോടെ 'ഓണത്തല്ല്' നിയന്ത്രണം വിട്ടു. അഫ്‌ഗാന്‍ താരത്തിന് നേരെ അലി ബാറ്റുയര്‍ത്തിയതോടെ യുദ്ധക്കളമായി മാറിയ മൈതാനം അംപയറും സഹതാരങ്ങളും എത്തിയാണ് ശാന്തമാക്കിയത്. 

Scroll to load tweet…

ആവേശമായി അവസാന ഓവര്‍

ആവേശം അടിയുടെ വക്കിലെത്തിയ നിർണായക മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ കടന്നു. ഇതോടെ ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. അഫ്‌ഗാന്‍റെ 129 റൺസ് 9 വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ശേഷിക്കെയാണ് പാകിസ്ഥാൻ മറികടന്നത്. അവസാന ഓവറിൽ തുടര്‍ച്ചയായി രണ്ട് സിക്‌സർ നേടിയ നസീം ഷായാണ് പാക് ടീമിനെ ജയത്തിലെത്തിച്ചത്. ഫൈനലില്‍ ശ്രീലങ്കയെ പാകിസ്ഥാന്‍ നേരിടും. 

അവസാന ഓവറില്‍ വിജയിക്കാന്‍ 11 റണ്‍സ് വേണ്ടപ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു പാകിസ്ഥാന്‍റെ കയ്യിലുണ്ടായിരുന്നത്. വാലറ്റക്കാരായി ക്രീസില്‍ നസീം ഷായും മുഹമ്മദ് ഹസ്‌നൈനും. പന്തെറിയുന്നത് ഇതിനോടകം മൂന്ന് വിക്കറ്റുമായി താരമായി മാറിക്കഴിഞ്ഞിരുന്ന ഫസല്‍ഹഖ് ഫറൂഖിയും. അഫ്‌ഗാന്‍ വിജയവും ഇന്ത്യ ഫൈനല്‍ പ്രതീക്ഷയും സ്വപ്നം കണ്ട നിമിഷം. എന്നാല്‍ ഫറൂഖിയുടെ ആദ്യ രണ്ട് പന്തുകളും ഫുള്‍ടോസായി മാറിയപ്പോള്‍ നസീം ഷാ സിക്‌സറുകളിലൂടെ നാല് പന്തും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്ഥാനെ ജയിപ്പിക്കുകയായിരുന്നു. 

ഞെട്ടല്‍ മാറാതെ ആരാധകര്‍; ടീം ഇന്ത്യയെ പുറത്താക്കിയത് നസീം ഷായുടെ രണ്ട് സിക്‌സുകള്‍- വീഡിയോ