ഇരുവരും മുഖാമുഖം വന്നപ്പോള്‍ സഹതാരം എത്തി പിന്തിരിപ്പിക്കുകയായിരുന്നു

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ സൂപ്പര്‍ ഫോറില്‍ വാക്‌പോരുമായി ലങ്കന്‍-അഫ്‌ഗാന്‍ താരങ്ങള്‍. അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനും ലങ്കയുടെ ധനുഷ്‌ക ഗുണതിലകയുമാണ് ഏറ്റുമുട്ടിയത്. ബൗണ്ടറി നേടിയ ഗുണതിലകയ്‌ക്ക് അരികിലെത്തി റാഷിദ് ഖാന്‍ എന്തോ പറഞ്ഞതിലാണ് പോരിന്‍റെ തുടക്കം. പിന്നാലെ ഇരുവരും മുഖാമുഖം വന്നപ്പോള്‍ സഹതാരം എത്തി പിന്തിരിപ്പിക്കുകയായിരുന്നു. ഇതോ ഓവറില്‍ ഗുണതിലകയെ റാഷിദ് പുറത്താക്കുകയും ചെയ്തു. 

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ജയം സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോൽപിച്ചു. അഫ്ഗാനിസ്ഥാന്‍റെ 175 റൺസ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ അ‌ഞ്ച് പന്ത് ശേഷിക്കേയാണ് ശ്രീലങ്ക മറികടന്നത്. ശ്രീലങ്ക അടുത്ത മത്സരത്തിൽ ഇന്ത്യയെയും അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെയും നേരിടും. 

Scroll to load tweet…

കുശാല്‍ മെന്‍ഡിസ് (36), പതും നിസ്സങ്ക (35), ധനുഷ്‌ക ഗുണതിലക (33), ഭാനുക രജപക്‌സ (31) എന്നിവരുടെ ഇന്നിംഗ്‌സാണ് ശ്രീലങ്കയെ വിജത്തിലേക്ക് നയിച്ചത്. ചരിത് അസലങ്ക (8), ദസുന്‍ ഷനക (10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. വാനിന്ദു ഹസരങ്ക (16), ചാമിക കരുണാരത്‌നെ (5) എന്നിവര്‍ പുറത്താവാതെ നിന്നു. അഫ്‌ഗാനായി മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വീതവും റാഷിദ് ഖാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റും നേടി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് നേടിയത്. റഹ്മാനുള്ള ഗുര്‍ബാസിന്‍റെ (45 പന്തില്‍ 84) ഇന്നിംഗ്‌സ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇബ്രാഹിം സദ്രാന്‍ (40) മികച്ച പ്രകടനം പുറത്തെടുത്തു. ഹസ്രത്തുള്ള സസൈ (13), നജീബുള്ള സദ്രാന്‍ (17), മുഹമ്മദ് നബി (1), റാഷിദ് ഖാന്‍ (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കരിം ജനാത് (0) പുറത്താവാതെ നിന്നു. ലങ്കയ്‌ക്കായി ദില്‍ഷന്‍ മധുശങ്ക രണ്ടും മഹീഷ് തീക്‌ഷനയും അസിത് ഫെര്‍ണാണ്ടോയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

ഗുര്‍ബാസിന്റെ പോരാട്ടം പാഴായി; ഏഷ്യാ കപ്പില്‍ അഫ്ഗാന്‍ കരുത്ത് മറികടന്ന് ശ്രീലങ്ക