തോൽവിയിലേക്ക് നയിച്ച കാരണങ്ങൾ അഫ്​ഗാൻ നായകൻ മുഹമ്മദ് നബി മത്സര ശേഷം വ്യക്തമാക്കി

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പർ ഫോറില്‍ കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ നേരിടാനിറങ്ങിയത്. എന്നാല്‍ ബൗളർമാർ നിന്ന് തല്ലുവാങ്ങുകയും ബാറ്റ‍ർമാർ വിക്കറ്റ് വലിച്ചെറിയാൻ ആവേശം കാണിക്കുകയും ചെയ്തപ്പോൾ ഇന്ത്യയുടെ ഓൾറൗണ്ട് മികവിന് മുന്നിൽ അഫ്​ഗാന്‍ 101 റൺസിന്റെ കൂറ്റൻ തോൽവി നേരിട്ടു. തോൽവിയിലേക്ക് നയിച്ച കാരണങ്ങൾ അഫ്​ഗാൻ നായകൻ മുഹമ്മദ് നബി മത്സര ശേഷം വ്യക്തമാക്കി. 

'പാകിസ്ഥാനെതിരെ കളിക്കുക വളരെ കടുപ്പമേറിയതാണ്. ശക്തമായ ആ മത്സരം കഴിഞ്ഞ് നേരെ ഇന്ത്യക്കെതിരെ ഇറങ്ങേണ്ടിവന്നു. അത് കാര്യങ്ങള്‍ ദുഷ്ക്കരമാക്കി. ഇന്ത്യക്കെതിരായ മത്സരത്തിന് മാനസികമായി തയ്യാറായിരുന്നില്ല. ഏറ്റവും മികച്ച ഒരുക്കം നടത്താന്‍ ശ്രമിച്ചെങ്കിലും താരങ്ങള്‍ക്ക് മാനസികമായി പൊരുത്തപ്പെടാനായില്ല. ഞങ്ങള്‍ ഏറ്റവും നല്ല ശ്രമം നടത്തി. കെ എല്‍ രാഹുലും വിരാട് കോലിയും ബാറ്റിംഗ് തുടങ്ങിയ രീതിയും പാഴായ ക്യാച്ചുകളും തിരിച്ചടിയായി. ബാറ്റിംഗില്‍ മികവിലേക്കെത്താനും കഴിഞ്ഞില്ലെന്നും' അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി മത്സര ശേഷം പറഞ്ഞു.

അഫ്ഗാന്‍ തോറ്റത് 101 റണ്‍സിന്

മത്സരത്തില്‍ ഇന്ത്യയുടെ 212 റണ്‍സ് പിന്തുടർന്ന അഫ്ഗാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ വെറും 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് അഫ്ഗാനെ എറിഞ്ഞൊതുക്കിയത്. 59 പന്തില്‍ 64 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറർ. ഓപ്പണർമാരായ ഹസ്രത്തുള്ള സസായും റഹ്മാനുള്ള ഗുർബാസും പൂജ്യത്തില്‍ പുറത്തായപ്പോള്‍ നായകന്‍ മുഹമ്മദ് നബി ഏഴില്‍ മടങ്ങി. ബാറ്റിംഗ് വെടിക്കെട്ടില്ലാതെ നജീബുള്ള സദ്രാന്‍ പൂജ്യത്തിലും വീണു. ഭുവിയുടെ നാലിന് പുറമെ അർഷ്ദീപ് സിംഗും രവിചന്ദ്ര അശ്വിനും ദീപക് ഹൂഡയും ഓരോ വിക്കറ്റ് നേടി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ 212 റണ്‍സ് പടുത്തുയർത്തി. സ്ഥിരം നായകന്‍ രോഹിത് ശർമ്മയില്ലാതെയാണ് ഇന്ത്യയിറങ്ങിയത്. കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. കോലിയുടെ സഹ ഓപ്പണറും താല്‍ക്കാലിക നായകനുമായ കെ എല്‍ രാഹുല്‍ 41 പന്തില്‍ 62 റണ്‍സും സൂര്യകുമാർ യാദവ് രണ്ട് പന്തില്‍ ആറും റിഷഭ് പന്ത് 16 പന്തില്‍ 20ഉം റണ്‍സും നേടി. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമാണിത്. കോലിയുടെ രാജ്യാന്തര കരിയറിലെ 71-ാം സെഞ്ചുറി കൂടിയാണിത്. 

അഫ്‍ഗാനെ കറക്കിയടിച്ച സെഞ്ചുറി; രഹസ്യം തുറന്നുപറഞ്ഞ് വിരാട് കോലി