ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ പാകിസ്ഥാനെ വിറപ്പിച്ച് ഒമാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസ് അര്‍ധസെഞ്ചുറി നേടിയിട്ടും കൂറ്റന്‍ സ്കോറിലെത്താതെ പാക് ടീം

ദുബായ്: ഏഷ്യാ കപ്പ് 2025 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരെ ഒമാന് 161 റണ്‍സ് വിജയലക്ഷ്യം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 160 റണ്‍സെടുക്കുകയായിരുന്നു. പാകിസ്ഥാനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസ് അര്‍ധസെഞ്ചുറി നേടി. അതേസമയം ഒമാന്‍ ബൗളര്‍മാരായ ഷാ ഫൈസലും ആമിര്‍ ഖലീമും മൂന്ന് വീതം വിക്കറ്റ് വീഴ്‌ത്തി. 

തിരിച്ചടിയോടെ തുടക്കം

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തിരിച്ചടി നേരിട്ടു. ഓപ്പണര്‍ സൈം അയൂബിനെ ഷാ ഫൈസല്‍ എല്‍ബിയിലൂടെ ഗോള്‍ഡന്‍ ഡക്കാക്കുകയായിരുന്നു. ഇതിന് ശേഷം സഹീബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് കൂട്ടുകെട്ട് പാക് ടീമിന് അടിത്തറയിട്ടു. ഹാരിസ് 32 പന്തില്‍ സിക്‌സറോടെ 50 തികച്ചപ്പോള്‍ പാകിസ്ഥാന്‍ പത്തോവറില്‍ 85/1 എന്ന സ്കോറിലേക്ക് ഉയര്‍ന്നു. പിന്നാലെ സഹീബ്‌സാദ 28 പന്തില്‍ 28 റണ്‍സുമായി ആമിര്‍ കലീമിന്‍റെ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. 44 പന്തില്‍ 66 റണ്‍സെടുത്ത ഹാരിസിനെയും കലീം മടക്കി. പിന്നാലെ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും ആമിര്‍ കലീമിന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി. ആറാമന്‍ ഹസന്‍ നവാസ് 15 പന്തില്‍ 9 റണ്‍സേ നേടിയുള്ളൂ.

അതോടെ 17 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 125-5 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. അവിടെ നിന്ന് അവസാന ഓവറുകളില്‍ മുഹമ്മദ് നവാസും ഫഖര്‍ സമാനും ചേര്‍ന്ന് പോരാടാന്‍ ശ്രമിച്ചെങ്കിലും ടീം സ്കോര്‍ 150 കടക്കും മുമ്പേ ആറാം വിക്കറ്റും വീണു. 10 പന്തില്‍ 19 റണ്‍സെടുത്ത മുഹമ്മദ് നവാസിനെ ഷാ ഫൈസല്‍ പുറത്താക്കുകയായിരുന്നു 4 പന്തില്‍ എട്ട് റണ്‍സുമായി ഫഹീം അഷ്‌റഫ് ഇന്നിംഗ്‌സില്‍ മുഹമ്മദ് നദീമിന്‍റെ അവസാന ഓവറില്‍ മടങ്ങി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ പാകിസ്ഥാന് 160-7 എന്ന സ്കോറില്‍ അവസാനിപ്പിച്ചു. സമാന്‍ 16 പന്തില്‍ 23* ഉം, ഷഹീന്‍ അഫ്രീദി ഒരു പന്തില്‍ 2* റണ്‍സുമായും പുറത്താവാതെ നിന്നു.

പ്ലേയിംഗ് ഇലവനുകള്‍

ഒമാന്‍: ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ആമിര്‍ കലീം, ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍) ഷാ ഫൈസല്‍, ഹസ്‌നൈന്‍ ഷാ, മുഹമ്മദ് നദീം, സിക്‌രിയ ഇസ്‌ലം, സുഫ്‌യാന്‍ മെഹമ്മൂദ്, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്‌തവ.

പാകിസ്ഥാന്‍: സൈം അയൂബ്, സഹീബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഹഫീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming