Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: ആവേശജയത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി, സൂപ്പര്‍ താരം പരിക്കിന്‍റെ പിടിയില്‍

നേരത്തെ പാക് പേസറായ ഷാനവാസ് ദഹാനിക്കും പരിക്കേറ്റിരുന്നു. ദഹാനി ടൂര്‍ണമെന്‍റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. പേസര്‍മാരായ ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വാസിമും ടൂര്‍ണമെന്‍റിന് മുമ്പെ പരിക്കേറ്റ് പിന്‍മാറിയിരുന്നു.

 

Asia Cup: Injured Mohammad Rizwan will undergo MRI scan
Author
First Published Sep 5, 2022, 3:20 PM IST

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ നേടിയ ആവേശ ജയത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടിയായി മുഹമ്മദ് റിസ്‌വാന്‍റെ പരിക്ക്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍റെ ടോപ് സ്കോററായ റിസ്‌വാന് കീപ്പിംഗിനിടെയും ബാറ്റിംഗിനിടെയും പേശിവലിവിനെത്തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നിരുന്നു.

സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരായ വിജയത്തിനുശേഷം റിസ്‌വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റിസ്‌വാനെ എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കുമെന്നും ഇതിനുശേഷമെ പരിക്ക് ഗുരുതരമാണോ എന്ന് പറയാനാകൂ എന്നും പാക് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.

നേരത്തെ പാക് പേസറായ ഷാനവാസ് ദഹാനിക്കും പരിക്കേറ്റിരുന്നു. ദഹാനി ടൂര്‍ണമെന്‍റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. പേസര്‍മാരായ ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വാസിമും ടൂര്‍ണമെന്‍റിന് മുമ്പെ പരിക്കേറ്റ് പിന്‍മാറിയിരുന്നു.

ഇതിന് പിന്നാലെയാണ് റിസ്‌വാനെയും പരിക്ക് അലട്ടുന്നത്. ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളിലും പാക്കിസ്ഥാന്‍റെ ടോപ് സകോററായത് റിസ്‌‌വാനായിരുന്നു. ടൂര്‍ണമെന്‍റിലെ റണ്‍വേട്ടയിലും റിസ്‌വാനാണ് മുന്നില്‍. മൂന്ന് കളികളില്‍ 192 റണ്‍സാണ് റിസ്‌വാന്‍ അടിച്ചെടുത്തത്. ഇന്നലെ ഇന്ത്യക്കെതിരെ 51 പന്തില്‍ 71 റണ്‍സെടുത്ത റിസ്‌വാനാണ് പാക് ബാറ്റിംഗിന്‍റെ നെടുന്തൂണായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സൂപ്പര്‍ ഫോറിലെ ഇനിയുള്ള മത്സരങ്ങളില്‍ റിസ്‌വാന് കളിക്കാനായില്ലെങ്കില്‍ അത് പാക് ബാറ്റിംഗിനെ പ്രതികൂലമായി ബാധിക്കും. ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഇതുവരെ തിളങ്ങാനാവാത്തതും പാക്കിസ്ഥാനെ അലട്ടുന്നുണ്ട്. ഇന്ത്യക്കെതിരെ രണ്ട് മത്സരങ്ങളിലും ബാബര്‍ പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയിരുന്നു. ഇതിനിടെയാണ് റിസ്‌വാന്‍റെ പരിക്കിന്‍റെ വാര്‍ത്ത കൂടി വരുന്നത്.

Follow Us:
Download App:
  • android
  • ios