Asianet News MalayalamAsianet News Malayalam

ഏകദിന ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ല; വീണ്ടും പാകിസ്ഥാന്‍റെ ഭീഷണി

സെപ്റ്റംബറിൽ പാകിസ്ഥാനിൽ നടക്കേണ്ട ഏഷ്യാ കപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം

Asia Cup venue drama continues PCB threatens Not ready to sent Pakistan Mens cricket team to India for ODI World Cup 2023 jje
Author
First Published Feb 6, 2023, 7:50 AM IST

ലാഹോര്‍: ഏകദിന ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റണമെന്ന ബിസിസിഐ നിലപാടിന് പിന്നാലെയാണ് പിസിബിയുടെ തീരുമാനം. വേദി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോഴും ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. 

സെപ്റ്റംബറിൽ പാകിസ്ഥാനിൽ നടക്കേണ്ട ഏഷ്യാ കപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം. നിഷ്‌പക്ഷ വേദിയിലേക്ക് മത്സരങ്ങൾ മാറ്റിയില്ലെങ്കിൽ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്നും ബിസിസിഐ നിലപാടെടുത്തു. ഇതോടെയാണ് പാകിസ്ഥാനും ശക്തമായ മറുപടിയുമായി രംഗത്തെത്തിയത്. ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റിയാൽ ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് പാക് ടീമിനെ അയക്കില്ലെന്ന് പിസിബി ചെയർമാൻ നജാം സേഥി വ്യക്തമാക്കി. പിസിബിയുടെ മുൻ ചെയർമാൻ റമീസ് രാജയും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. 

മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും നിഷ്പക്ഷ വേദിയിൽ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ. ഏഷ്യാകപ്പ് യുഎഇയിലേക്ക് മാറ്റാനാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അധ്യക്ഷനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ നീക്കം. അടുത്ത മാസമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ഇന്ത്യ വേദിയാവുന്ന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയത്. 

അടുത്ത മാസം ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വേദിയും തീയതിയും സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ അടുത്ത സെപ്റ്റംബറില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകള്‍ ഒഴിവാക്കുന്നതിനാല്‍ എസിസി, ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ആരാധകര്‍ക്ക് മത്സരം കാണാന്‍ അവസരമുള്ളത്.

ഇന്ത്യയുടെ സമ്മര്‍ദ്ദത്തില്‍ പാകിസ്ഥാന്‍ വീണു? ഏഷ്യാ കപ്പിന് യുഎഇ വേദിയായേക്കും

Follow Us:
Download App:
  • android
  • ios