അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിന് വമ്പൻ പോരാട്ടം ഒരുക്കി ബിസിസിഐ. അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിൽ ലോക ഇലവനും ഏഷ്യ ഇലവനും ഏറ്റുമുട്ടും. മാർച്ചിൽ ട്വന്റി മത്സരം നടത്താനാണ് നീക്കം. 

1,10,000 പേർക്കിരിക്കാവുന്നത് ആണ് പുതിയ സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരം ആണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. മത്സരത്തിന് ഐസിസി അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.  

പണി പൂര്‍ത്തിയാകുന്നതോടെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്‌ക്ക് സ്വന്തമാകും. എംസിജിയില്‍ 95,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണുള്ളത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച ഓസ്‌ട്രേലിയന്‍ കമ്പനി തന്നെയാണ് അഹമ്മദാബാദിനെ സ്റ്റേഡിയവും നിര്‍മ്മിക്കുന്നത്. 

ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്‌ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്‌സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്‍റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സവിശേഷതയാണ്.