ഗ്രൂപ്പ് എയിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിലെത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത നേടാനാകും. ഒക്ടോബർ 25 മുതൽ നവംബർ 14 വരെയാണ് സൂപ്പർ-7 മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
കേപ് ടൗൺ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ഏകദിന ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 7-ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്‌ക്കെതിരെ. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ന്യൂലാൻഡ്‌സ് സ്റ്റേഡിയത്തിലാണ് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ പോരാട്ടം അരങ്ങേറുന്നത്. ഇന്നലെ കേപ് ടൗണിൽ വച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസ) ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഗ്രൂപ്പ് എയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ മത്സരം പാകിസ്ഥാനെതിരെയാണ്. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഹൈ-വോൾട്ടേജ് പോരാട്ടം ഒക്ടോബർ 10-ന് ജോഹ്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് നടക്കുക. തുടർന്ന് ഒക്ടോബർ 14-ന് ഷ്വാനെയിൽ (പ്രിട്ടോറിയ) അഫ്ഗാനിസ്ഥാനെയും, ഒക്ടോബർ 17-ന് ബ്ലൂംഫോണ്ടെയ്നിൽ വച്ച് ക്വാളിഫയർ ജയിച്ചെത്തുന്ന ടീമിനെയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം ഒക്ടോബർ 24-ന് ആതിഥേയരായ സിംബാബ്‌വെയ്‌ക്കെതിരെ വിക്ടോറിയ ഫോൾസിലെ പുതിയ സ്റ്റേഡിയത്തിലാണ്.
ഗ്രൂപ്പ് എയിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിലെത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത നേടാനാകും. ഒക്ടോബർ 25 മുതൽ നവംബർ 14 വരെയാണ് സൂപ്പർ-7 മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. നവംബർ 17, 18 തീയതികളിൽ കേപ് ടൗണിലും ഷ്വാനെയിലുമായി സെമിഫൈനലുകളും, നവംബർ 21-ന് ജോഹന്നസ്ബർഗിൽ വച്ച് കിരീടപ്പോരാട്ടവും നടക്കും.
ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട് എന്നത് ആരാധകർക്ക് ആവേശം പകരുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന് പുറമെ, ഇരുടീമുകളും സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത നേടിയാൽ അവിടെ രണ്ടാമതൊരു മത്സരം കൂടെ നടക്കും. ഇതിനുശേഷം സെമിഫൈനലിലോ ഫൈനലിലോ ഇരുടീമുകളും മുഖാമുഖം വരികയാണെങ്കിൽ ടൂർണമെന്‍റിൽ മൂന്നാം തവണയും ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങും.
