കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കുഴയ്ക്കുന്ന ആരോപണങ്ങളുമായി മുന്‍ പാക് പേസര്‍ മുഹമ്മദ് ആസിഫ്. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ ഇരിക്കുന്നവരില്‍ ചിലര്‍ ഒത്തുകളിക്കാന്‍ കൂട്ടുനിന്നവരാണെന്ന ആരോപണമാണ് ആസിഫ് ഉയര്‍ത്തിയത്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് അവസാനിപ്പിക്കേണ്ടി വന്ന താരമാണ് മുഹമ്മദ് ആസിഫ്. അടുത്തിടെ ഒരുപാട് പാക് താരങ്ങള്‍ ഒത്തുകളി വിവാദങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. അതിനിടെയാണ് ആസിഫിന്റെ വെളിപ്പെടുത്തല്‍. 

ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്. ''എനിക്ക് മുന്‍പും പിന്നീടും കളിച്ചവരില്‍ ഒത്തുകളിക്കാരുണ്ട്. എനിക്കു മുന്‍പ് ഒത്തുകളിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിലുണ്ട്. എനിക്കുശേഷം കളിച്ചവരില്‍ ചിലര്‍ ഇപ്പോഴും പാക്കിസ്ഥാന്‍ ടീമിലുമുണ്ട്. ഇവര്‍ക്കെല്ലാം വീണ്ടും അവസരം ലഭിച്ചുവെന്നതാണ് വാസ്തവം. എന്നെപോലെ ഉള്ളവര്‍ക്ക് ലഭിച്ചില്ല. ഞാന്‍ നന്നായി കളിച്ചിട്ടും ബോര്‍ഡ് എന്റെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യമൊന്നും കാണിച്ചിരുന്നില്ല. കഴിഞ്ഞ കാലത്തെ ഓര്‍ത്ത് ഇനിയും സംഘടപ്പെടാന്‍ ഞാനില്ല.

കരിയര്‍ കുറച്ചുകൂടി മികച്ച രീതിയില്‍ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അക്കാര്യത്തില്‍ ഖേദമുണ്ട്. അതെല്ലാം പഴയ കഥകള്‍. സംഭവിച്ചതെല്ലാം അങ്ങനെ തന്നെ സംഭവിക്കേണ്ടതായിരുന്നുവെന്ന് കരുതുന്നയാളാണ് ഞാന്‍. എല്ലാവരും തെറ്റുവരുത്തും. ഞാനും തെറ്റുവരുത്തി.'' 

ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സന്‍, ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ്, ഹാഷിം അംല തുടങ്ങിയവര്‍ തന്നേക്കുറിച്ച് നല്ലതുപറഞ്ഞത് അഭിമാനകരമാണെന്നും ആസിഫ് പറഞ്ഞു. സജീവ ക്രിക്കറ്റില്‍നിന്ന് മാറിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഒട്ടേറെ മികച്ച താരങ്ങള്‍ എന്നെ ഓര്‍മിക്കുന്നു, എന്നേക്കുറിച്ച് സംസാരിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് ലോക ക്രിക്കറ്റില്‍ എനിക്ക് നേടാനായ സ്വാധീനത്തില്‍ സന്തോഷമുണ്ട്, അഭിമാനവും. ആസിഫ് കൂട്ടിച്ചേര്‍ത്തു.