കാന്‍ബറ: ഐപിഎല്‍ മികവിന്‍റെ നിഴലില്‍ മാത്രമുള്ള ജസ്‌പ്രീത് ബുമ്രയേയാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കണ്ടത്. പവര്‍പ്ലേ ഓവറുകളില്‍ ബുമ്രക്ക് തന്‍റെ പ്രധാനായുധമായ യോര്‍ക്കറുകള്‍ കാര്യമായി എറിയാനാവുന്നില്ല. ഇതോടെ വിക്കറ്റ് ക്ഷാമം നേരിടുകയാണ് ലോക രണ്ടാം നമ്പര്‍ പേസര്‍. ഓസീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചപ്പോള്‍ ഒരു നാണക്കേടും ബുമ്രക്ക് സ്വന്തമായി. 

ഏകദിനത്തില്‍ ഈ വര്‍ഷം(2020) ബുമ്രക്ക് ആദ്യ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വര്‍ഷം 34 ഓവറുകള്‍ പവര്‍പ്ലേയില്‍ എറിഞ്ഞപ്പോഴാണ് ഈ ദയനീയ പ്രകടനം. ന്യൂ ബോളില്‍ ബുമ്രക്ക് താളം കണ്ടെത്താനാവുന്നില്ല എന്ന് വ്യക്തം.  2020ല്‍ ഒന്‍പത് ഏകദിനങ്ങള്‍ കളിച്ച ബുമ്ര 458 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ആകെ മൂന്ന് വിക്കറ്റ് മാത്രമാണ് നേടിയത്. 

ഇന്ത്യയെ ജയിപ്പിച്ച യോര്‍ക്കര്‍, ബുമ്രക്ക് മുന്നില്‍ കണ്ണുതള്ളി മാക്‌സ്‌വെല്‍- കാണാം വീഡിയോ

കാന്‍ബറയിലെ അവസാന ഏകദിനത്തിലും പവര്‍പ്ലേ ഓവറുകളില്‍ ബുമ്ര നിരാശപ്പെടുത്തി. അഞ്ച് ഓവറില്‍ 19 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ആരോണ്‍ ഫിഞ്ചിനെ സ്ലിപ്പില്‍ ശിഖര്‍ ധവാന്‍ വിട്ടുകളഞ്ഞതും തിരിച്ചടിയായി. ആദ്യ രണ്ട് ഏകദിനങ്ങളിലും ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും-ആരോണ്‍ ഫിഞ്ചും മികച്ച കൂട്ടുകെട്ട് സൃഷ്‌ടിച്ചത് ബുമ്രയുടെ പരാജയത്തിന് അടിവരയിടുന്നു. 

കോലിക്കും നിരാശയുടെ വര്‍ഷം 

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും 2020 നിരാശയുടെ വര്‍ഷമാണ്. ഈ വര്‍ഷം ഏകദിനത്തില്‍ ഒരു സെഞ്ചുറി പോലും ഇന്ത്യന്‍ നായകന്‍ നേടിയില്ല. 2008ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇതാദ്യമായാണ് കോലി ഏകദിന സെഞ്ചുറിയില്ലാതെ ഒരു വര്‍ഷം അവസാനിപ്പിക്കുന്നത്. ശിഖര്‍ ധവാനും നിരാശപ്പെടുത്തി. 2013ന് ശേഷം ആദ്യമായി ധവാനും ഏകദിനത്തില്‍ മൂന്നക്കം കണ്ടില്ല. 

ജഡേജയുടെ സിക്സിന് കമന്‍ററി പറയേണ്ടിവന്ന മഞ്ജരേക്കറുടെ 'ഗതികേട്'; ട്രോളുമായി ആരാധകര്‍