സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദ നായകന്‍ സ്റ്റീവ് സ്‌മിത്ത് വീണ്ടും വിവാദക്കുരുക്കില്‍. ഇന്ത്യക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ക്രീസിലെ റിഷഭ് പന്തിന്‍റെ ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ സ്‌മിത്ത് ശ്രമിക്കുന്നതിന്‍റെ സ്റ്റംപ് വീഡിയോ പുറത്തുവന്നതാണ് പുതിയ വിവാദത്തിന് കാരണം. സ്‌മിത്തിനെതിരെ മുന്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. 

അഞ്ചാംദിനം ഡ്രിങ്ക്‌സ് ഇടവേളയ്‌ക്കിടെയായിരുന്നു സംഭവം. ഇടവേളയ്‌ക്കിടെ ക്രീസിലെത്തിയ ഒരു താരം ഷൂ കൊണ്ട് ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. തൊട്ടുപിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് വരയ്‌ക്കായി തെരയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മുന്‍പ് വരച്ച വര അദേഹത്തിന് കണ്ടെത്താനായില്ല. വര വികൃതമാക്കുന്ന താരത്തിന്‍റെ മുഖം ക്യാമറയില്‍ വ്യക്തമല്ലെങ്കിലും ജഴ്‌സി നമ്പര്‍ 49 ആണെന്നതാണ് സ്‌മിത്തിനെ ആരോപണവിധേയനാക്കുന്നത്. 

പരിക്കിനെ അവഗണിച്ച് ക്രീസിലെത്തി നിലയുറപ്പിച്ചിരുന്ന പന്തിനെ പുറത്താക്കാനുള്ള സ്‌മിത്തിന്‍റെ ബോധപൂര്‍വമായ ശ്രമമാണോ ഇതെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ താരം ആകാശ് ചോപ്ര അടക്കമുള്ളവര്‍ രംഗത്തെത്തി. 

സിഡ്‌നിയിലെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചാമനായി ബാറ്റിംഗിന് ഇറങ്ങിയ പന്ത് 118 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സുകളും സഹിതം 97 റണ്‍സെടുത്തിരുന്നു. പതുക്കെ തുടങ്ങി ബൗളര്‍മാരെ കടന്നാക്രമിച്ചാണ് പന്ത് തകര്‍പ്പന്‍ ഇന്നിംഗ്‌സ് കാഴ്‌ചവെച്ചത്. നാലാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം നിര്‍ണായക 148 റണ്‍സ് ചേര്‍ത്ത താരം ലിയോണിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു. 

സിഡ്‌നിയിലെ തീപ്പൊരി ബാറ്റിംഗ്; പന്തിന് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍