സിഡ്‌നി: ഓസ്‌ട്രേലിയ-ഇന്ത്യ സിഡ്‌നി ടെസ്റ്റില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി രസകരമായ ഒരു സ്ലെഡ്‌ജിംഗ് സംഭവം. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡും പരസ്‌പരം തുറിച്ചുനോക്കുകയും ഒടുവില്‍ പുഞ്ചിരിയോടെ പിരിയുകയും ചെയ്തതാണ് ആരാധകരെ ത്രില്ലടിപ്പിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. മികച്ചൊരു ബൗണ്‍സറോടെയാണ് ജഡേജയെ ഹേസല്‍വുഡ് വരവേറ്റത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ കണ്ണുകള്‍ കൊണ്ട് ഏറ്റുമുട്ടുകയായിരുന്നു. പന്തെറി‍ഞ്ഞ് മുന്നോട്ട് അല്‍പം നടന്നെത്തി ഹേസല്‍വുഡാണ് ഇതിന് തുടക്കമിട്ടത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പതിവ് ശൈലിയില്‍ വാക്‌വാദമൊന്നുമുണ്ടായില്ല. ഒടുവില്‍ പുഞ്ചിരിയോടെ ഇരുവരും പിന്‍വാങ്ങുകയും ചെയ്തു. 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് രവീന്ദ്ര ജഡേജയും ജോഷ് ഹേസല്‍വുഡും. ഇരുവരും തമ്മിലുള്ള പോരും ചിരിയും ആരാധകര്‍ ഏറ്റെടുത്തു.  

പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഷോട്ട് ബോളില്‍ വിരലിന് പരിക്കേറ്റെങ്കിലും ബാറ്റിംഗ് തുടര്‍ന്ന ജഡേജ 28 റണ്‍സുമായി പുറത്താകാതെ നിന്നു. പതിനൊന്നാമന്‍ മുഹമ്മദ് സിറാജിനൊപ്പം 28 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിക്കുകയും ചെയ്തു ജഡേജ. എന്നാല്‍ ജഡേജ സിഡ്‌നിയില്‍ തുടര്‍ന്ന് കളിക്കുമോ എന്ന് വ്യക്തമല്ല. പരിക്കിനെ തുടര്‍ന്ന് ജഡേജയെ സ്‌കാനിംഗിന് വിധേയനാക്കിയിട്ടുണ്ട്. 

ഇനി ഇന്ത്യ കുറച്ച് വിയര്‍ക്കും; സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഡ്രൈവിംഗ് സീറ്റില്‍