സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ശുഭ്‌മാന്‍ ഗില്ലിന്‍റെ വിവാദ പുറത്താകല്‍
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരില്‍ വിവാദമായി ക്യാച്ച്. ടീം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍ എടുത്ത പറക്കും ക്യാച്ചാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടിരിക്കുന്നത്. ഗള്ളി ഫീല്‍ഡറായ ഗ്രീന്‍ പറന്ന് ക്യാച്ച് എടുക്കുമ്പോള്‍ പന്ത് നിലത്ത് മുട്ടിയിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. മൂന്നാം അംപയര്‍ പരിശോധിച്ച് ഇത് വിക്കറ്റ് അനുവദിച്ചെങ്കിലും ട്വിറ്ററില്‍ ഇരു ടീമിലേയും ആരാധകര്‍ ഏറ്റുമുട്ടി. ഗ്രീന്‍ ക്രിക്കറ്റിനെ ചതിച്ചു എന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം.
ഫൈനലില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ടീം ഇന്ത്യ ബാറ്റ് വീശവേ സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ശുഭ്‌മാന്‍ ഗില്ലിന്‍റെ വിവാദ പുറത്താകല്‍. ബോളണ്ടിന്‍റെ പന്ത് ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റില്‍ തട്ടി ഗള്ളിയിലേക്ക് തെറിച്ചപ്പോള്‍ ഒറ്റകൈയില്‍ പന്ത് കോരിയെടുക്കുകയായിരുന്നു കാമറൂണ്‍ ഗ്രീന്‍. എന്നാല്‍ ഗ്രീന്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയം പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. പന്ത് കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ ഗ്രീനിന്‍റെ വിരലുകള്‍ പന്തിലുണ്ടായിരുന്നില്ലെന്നും ബോള്‍ പുല്ലില്‍ തട്ടിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്തായാലും മൂന്നാം അംപയറുടെ പരിശോധനയ്‌ക്ക് ശേഷമാണ് വിക്കറ്റ് ബോളണ്ടിന് ഉറപ്പിച്ചത്.
മൈതാനത്തെ ബിഗ് സ്ക്രീനില്‍ മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷം ശുഭ്‌മാന്‍ ഗില്‍ ഔട്ട് എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു വിഭാഗം കാണികള്‍ കാമറൂണ്‍ ഗ്രീനിനെ 'ചീറ്റര്‍, ചീറ്റര്‍' എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിക്കറ്റിനെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ച ഉടലെടുത്തത്. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഗ്രീനിനെ വഞ്ചകന്‍ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ഗ്രീനിന്‍റേത് ക്യാച്ച് തന്നെയാണ് എന്ന് വാദിക്കുന്നവരുമേറെ. പന്ത് പിടികൂടുമ്പോള്‍ ഗ്രീനിന്‍റെ വിരലുകള്‍ ബോളിന് അടിയില്‍ കൃത്യമായി ഉണ്ടായിരുന്നു എന്നാണ് ഇവരുടെ പക്ഷം. ബോളണ്ടിന്‍റെ ഓവറില്‍ മടങ്ങുമ്പോള്‍ 19 പന്തില്‍ 18 റണ്‍സാണ് ശുഭ്‌മാന്‍ ഗില്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ അജിങ്ക്യ രഹാനെയെ പുറത്താക്കാന്‍ കാമറൂണ്‍ ഗ്രീന്‍ ഗംഭീര ക്യാച്ച് എടുത്തിരുന്നു.
Read more: മോതിരം കൈമാറി ചുംബിച്ചു; ഓവലില്‍ ഫൈനലിനിടെ പ്രൊപോസ് ചെയ്‌ത് കമിതാക്കള്‍- ചിത്രങ്ങള്‍ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
