സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സിഡ്‌നിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും രോഹിത് ശര്‍മയിലേക്കാവും ഇന്ത്യന്‍ തആരാധകരുടെ ശ്രദ്ധ മുഴുവന്‍. കാരണം ഐപിഎല്ലിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ദേശീയ ജേഴ്‌സിയില്‍ കളിക്കുന്നത്. മാത്രമല്ല ഇന്ത്യക്ക് പുറത്ത് ടെസ്റ്റില്‍ ഓപ്പണറായി കളിക്കുന്നത് ഇതാദ്യം. മായങ്ക് അഗര്‍വാളിന് പകരമായിട്ടാണ് രോഹിത് ടീമിലെത്തിയത്. ബൗണ്‍സും വേഗവുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അദ്ദേഹം എങ്ങനെ കളിക്കുന്നുവെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഇതിനിടെ രോഹിത്തിന് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്. മുമ്പത്തേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ രോഹിത്തിന് സാധിക്കുമെന്നാണ് മഗ്രാത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരു ഇടവേളയ്ക്ക് ശേഷമാണ് രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം എങ്ങനെ കളിക്കുന്നുവെന്നുള്ളത് കാണാന്‍ കാത്തിരിക്കുകയാണ്. ഇത്രത്തോളം പരിചയസമ്പന്നന്നും പ്രതിഭാശാലിയുമായ ഒരാള്‍ ടീമിലുള്ളത് ഇന്ത്യന്‍ ടീമിന് ഗുണം മാത്രമേ ചെയ്യൂ. ക്ലാസ് പ്ലയറാണ് രോഹിത്. ടെസ്റ്റില്‍ മുമ്പ് കളിച്ചതിനേക്കാളും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ രോഹിത്തിന് കഴിയുമെന്നാണ് എന്റെ വിശ്വാസം. അവന്‍ അപകടകാരിയാണ്. എന്തായാലും തുടക്കത്തില്‍ പുറത്താക്കാനായിരിക്കും ഓസീസ് ബൗളര്‍മാരും ശ്രമിക്കുക.'' മഗ്രാത് പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിനായി എത്തിയപ്പോഴാണ് രോഹിത് ടെസ്റ്റില്‍ സ്ഥിരം ഓപ്പണറായത്. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും താരം സെഞ്ചുറി നേടി. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ താരം ഇരട്ട സെഞ്ചുറിയും സ്വന്തമാക്കി. ഇതോടെ ഓപ്പണിംഗ് സ്ഥാനം രോഹിത്തിന്റെ കയ്യില്‍ ഭദ്രമായി. എന്നാല്‍ വിദേശ പിച്ചുകളില്‍ എത്രത്തോളം വിജയകരമാകുമെന്ന് ഈ പരമ്പര തെളിയിക്കും. ഇന്ത്യക്കുവേണ്ടി 32 ടെസ്റ്റില്‍ 46.54 ശരാശരിയില്‍ 2141 റണ്‍സാണ് രോഹിത് നേടിയത്.