ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകനായ ലൂക് ഗില്ലിയന് ഓസീസ് ടീമിന്റെ ആദരം. ഓസീസ് ക്രിക്കറ്റ് ടീമിന്റെ ഇരുന്നൂറ് മത്സരങ്ങള്‍ കണ്ടതിനായിരുന്നു ഗില്ലിയന് താരങ്ങളുടെ ആദരം. ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സില്‍ ലൂക് ഗില്ലിയന്‍ കാഴ്ചക്കാരനായി ഇരട്ടസെഞ്ച്വറി തികച്ചു. 

കാല്‍നൂറ്റാണ്ടായി ടീമിനൊപ്പം സഞ്ചരിക്കുന്ന ഗില്ലിയന് ഓസീസ് ടീം നല്‍കിയത് മറക്കാനാവാത്ത അംഗീകാരമാണ്. കോച്ച് ജസ്റ്റിന്‍ ലാംഗറും ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിംഗും സ്റ്റീവോയുമെല്ലാം ഗില്ലിയന്റെ സൗഹൃദ പട്ടികയിലെ കണ്ണികളാണ്. ഇപ്പോഴത്തെ കോച്ച് ജസ്റ്റിന്‍ ലാംഗറാണ് ഇഷ്ട ബാറ്റ്‌സ്മാന്‍.

1995ല്‍ വെസ്റ്റ് ഇന്‍ഡീസിലേക്കായിരുന്നു മെല്‍ബണ്‍ സ്വദേശിയായ ഗില്ലിയന്റെ ആദ്യ വിദേശയാത്ര. ക്രിക്കറ്റ് ഏറ്റവും ആസ്വദിച്ച് കണ്ടത് ശ്രീലങ്കയിലാണെന്ന് ഓസീസിന്റെ സൂപ്പര്‍ ഫാന്‍ പറയുന്നു.