സിഡ്നി: ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിന് മുന്നോടിയായുള്ള ത്രിദിന സന്നാഹമത്സരത്തില്‍ മികവുകാട്ടി ഇന്ത്യന്‍ പേസ് പട. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 194 റണ്‍സിന് മറുപടിയായി ആദ്യ ദിനം ഓസീസ് എയെ 108 റണ്‍സിന് ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞിട്ടു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നവദീപ് സെയ്നിയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഓസീസിനെ എറിഞ്ഞൊതുക്കിയത്. ഇന്ത്യന്‍ പേസര്‍മാരുടെ പ്രത്യാക്രമണത്തില്‍ ഓസീസ് നിരയില്‍ നാലു പേര്‍ക്കെ രണ്ടക്കം കടക്കാനായുള്ളു.

32 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസിന്‍റെ ടോപ് സ്കോറര്‍. ഓസീസ് ടെസ്റ്റ് ഓപ്പണറായ മാര്‍ക്കസ് ഹാരിസ് 26 റണ്‍സെടുത്തപ്പോള്‍ നിക് മാഡിസണ്‍ 19 ഉം ജാക്ക് വൈല്‍ഡര്‍മത്ത് 12 ഉം റണ്‍സെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 194 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ(22) കൂട്ടുപിടിച്ച് അര്‍ധ സെഞ്ചുറി തികച്ച പേസര്‍ ജസ്‌പ്രീത് ബുമ്രയാണ്(57 പന്തില്‍ 55 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സടിച്ചതാണ് ഇന്ത്യക്ക് തുണയായത്. ഓസീസ് എയ്‌ക്കായി ആബട്ടും വൈള്‍ഡര്‍മതും മൂന്ന് വീതം വിക്കറ്റ് നേടി. എട്ട് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു വൈള്‍ഡര്‍മതിന്‍റെ പ്രകടനം.