സിഡ്‌നി: ഓസ്‌ട്രേലിയ എ-ഇന്ത്യ രണ്ടാം സന്നാഹ മത്സരത്തില്‍ കാമറൂണ്‍ ഗ്രീനിന് പിന്നാലെ മീഡിയം പേസര്‍ ഹാരി കോണ്‍വേ പരിക്കേറ്റ് പുറത്തായി. ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട് അനുവദിക്കപ്പെടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് ഹാരി കോണ്‍വേ. ആദ്യ സന്നാഹ മത്സരത്തില്‍ വില്‍ പുകോവ്‌സ്‌കി പരിക്കേറ്റ് കളംവിടാന്‍ നിര്‍ബന്ധിതനായിരുന്നു. 

രണ്ടാം സന്നാഹ മത്സരത്തില്‍ ആദ്യദിനത്തിന്‍റെ അവസാന സെഷനില്‍ ഓസ്‌ട്രേലിയ എയുടെ പതിനൊന്നാമനായാണ് ഹാരി കോണ്‍വേ ക്രീസിലെത്തിയത്. എന്നാല്‍ മുഹമ്മദ് സിറാജിന്‍റെ ബൗണ്‍സര്‍ കോണ്‍വേയുടെ ഹെല്‍മറ്റില്‍ പതിച്ചു. ഉടന്‍തന്നെ മെഡിക്കല്‍ സംഘമെത്തി പരിശോധിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നം കണ്ടെത്തിയില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് അവസാനിച്ച ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. കോണ്‍വേയ്‌ക്ക് പകരം മാര്‍ക്ക് സ്റ്റെക്റ്റെ ആണ് രണ്ടാംദിനം കളിക്കുന്നത്. 

ഇന്നലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പരിക്കേറ്റ് മടങ്ങിയിരുന്നു. പന്തെറിയവേ ജസ്‌പ്രീത് ബുമ്രയുടെ സ്‌ട്രൈറ്റ് ഡ്രൈവ് മുഖത്ത് പതിച്ചാണ് ഗ്രീനിന് പരിക്കേറ്റത്. നോണ്‍സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് സിറാജ് ഉടന്‍തന്നെ ഗ്രീനിന് അടുത്തെത്തി പരിശോധിച്ചു. ടീം മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധനകള്‍ക്കൊടുവില്‍ ഗ്രീന്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഇതോടെ ബാറ്റ്സ്‌മാന്‍ പാട്രിക് റോവ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി മൈതാനത്തിറങ്ങി. 

ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ യുവപേസര്‍ കാര്‍ത്തിക് ത്യാഗിയുടെ ബൗണ്‍സറേറ്റാണ് ഓപ്പണര്‍ വില്‍ പുകോവ്‌സ്‌ക്കിക്ക് പരിക്കേറ്റത്ത്. ഇതോടെ വില്ലിനെ രണ്ടാം സന്നാഹ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അഡ്‌ലെയ്ഡില്‍ 17ന് ആരംഭിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിലും താരം കളിക്കില്ല. വില്ലിന് പകരം മാര്‍ക്കസ് ഹാരിസിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വില്‍ തിരിച്ചെത്തും എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. 

വാര്‍ണര്‍ക്ക് പിന്നാലെ പുകോവ്‌സ്‌കിയും ആദ്യ ടെസ്റ്റിനില്ല; ഓസീസിന് വീണ്ടും തിരിച്ചടി