അഡ്‌ലെയ്‌ഡ്: ചാരത്തില്‍ നിന്നുയര്‍ന്ന് ഡേവിഡ് വാര്‍ണര്‍ ആളിക്കത്തിയപ്പോള്‍ പാകിസ്ഥാനെതിരെ പകല്‍-രാത്രി ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് റെക്കോര്‍ഡ് സ്‌കോര്‍. വാര്‍ണര്‍ 418 പന്തില്‍ 335 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 589/3 എന്ന കൂറ്റന്‍ സ്‌കോറിലാണ് ഓസീസ് ഡിക്ലയര്‍ ചെയ്തത്. പകല്‍-രാത്രി ടെസ്റ്റുകളിലെ ഉയര്‍ന്ന ടീം ടോട്ടലാണിത്. ടെസ്റ്റ് കരിയറിലെ ആദ്യ ട്രിപ്പിള്‍ അടക്കം ഒട്ടേറെ നേട്ടങ്ങള്‍ വാര്‍ണര്‍ കൊയ്തപ്പോള്‍ ഓസീസ് അഡ്‌ലെയ്‌ഡില്‍ റണ്‍മല പണിയുകയായിരുന്നു. 

പിങ്ക് പന്തില്‍ എല്ലാം വാര്‍ണര്‍ മയം

പിങ്ക് പന്തില്‍ ട്രിപ്പിളടിച്ച് രാജാവായി അരങ്ങുവാഴുകയായിരുന്നു ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച താരം 260 പന്തില്‍ 200ഉം 389 പന്തില്‍ 300ഉം തികച്ചു. 39 ബൗണ്ടറിയും ഒരു സിക്‌സും ഇതിനിടെ പറന്നു. അഡ്‌ലെയ്‌ഡ് സ്റ്റേഡിയത്തില്‍ പിറക്കുന്ന ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. ട്രിപ്പിള്‍ ശതകം നേടുന്ന ഏഴാം ഓസീസ് താരം, മാര്‍ക് ടെയ്‌ലര്‍ക്ക് ശേഷം പാകിസ്ഥാനെതിരെ 300 തികയ്‌ക്കുന്ന താരം എന്നീ നേട്ടങ്ങളിലുമെത്തി വാര്‍ണര്‍. 

ടെസ്റ്റില്‍ ഒരു ഓസീസ് താരം നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് വാര്‍ണര്‍ കുറിച്ചത്. 380 റണ്‍സ് നേടിയ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്‌ഡന്‍ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. 334 റണ്‍സ് നേടിയ സര്‍ ഡോണ്‍ ബ്രാഡ്‌മാനെയും മുന്‍ നായകന്‍ മാര്‍ക് ടെയ്‌ലറെ വാര്‍ണര്‍ പിന്നിലാക്കി. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകളുടെ ചരിത്രത്തിലെ രണ്ടാം ട്രിപ്പിള്‍ കൂടിയാണിത്. പാകിസ്ഥാന്‍റെ അഷര്‍ അലി നേടിയ 302 റണ്‍സ് മറികടക്കാനും വാര്‍ണര്‍ക്കായി. സഹതാരങ്ങള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് വാര്‍ണറെ പവലിയനിലേക്ക് സ്വീകരിച്ചത്. 

7000 തികച്ച് റെക്കോര്‍ഡുമായി സ്‌മിത്തിന് മടക്കം

ടെസ്റ്റ് ക്രിക്കറ്റില്‍ കുറഞ്ഞ ഇന്നിംഗ്‌സില്‍ 7000 റണ്‍സ് തികച്ച താരമെന്ന നേട്ടമാണ് സ്‌മിത്ത് സ്വന്തമാക്കിയത്. അഡ്‌ലെയ്‌ഡില്‍23 റണ്‍സ് നേടിയതോടെയാണ് സ്‌മിത്ത് ചരിത്രം കുറിച്ചത്. 126 ഇന്നിംഗ്‌സില്‍ സ്‌മിത്ത് ഈ നേട്ടത്തിലെത്തിയപ്പോള്‍ 73 വര്‍ഷം മുന്‍പ് 130 ഇന്നിംഗ്‌സില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇംഗ്ലീഷ് ഇതിഹാസം വാല്‍ട്ടര്‍ ഹേമണ്ടിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദന്‍ സെവാഗും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സ്‌മിത്തിന്‍റെ കുതിപ്പിന് മുന്നില്‍ വഴിമാറിയവരിലുണ്ട്. 

എന്നാല്‍ രണ്ടാം മത്സരത്തിലും മികച്ച സ്‌കോറിലെത്താന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനായില്ല. 64 പന്തില്‍ 36 റണ്‍സെടുത്ത സ്‌മിത്തിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. മാര്‍നസ് ലാബുഷാഗ്നെയാണ് ഇന്ന് പുറത്തായ മറ്റൊരു താരം. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ ലാബുഷാഗ്നെ 238 പന്തില്‍ 162 റണ്‍സെടുത്തു. നാല് റണ്‍സുമായി ജോ ബേണ്‍സ് ഇന്നലെ പുറത്തായിരുന്നു. വാര്‍ണര്‍ക്കൊപ്പം 38 റണ്‍സുമായി മാത്യു വെയ്‌ഡ് പുറത്താകാതെ നിന്നു. ഷഹീന്‍ അഫ്രീദിയാണ് പാകിസ്ഥാനായി മൂന്ന് വിക്കറ്റും വീഴ്‌ത്തിയത്.