Asianet News Malayalam

പന്ത് ചുരണ്ടലിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് ഓസീസ് ബൗളര്‍മാര്‍

ബാന്‍ക്രോഫ്റ്റ് കൃത്രിമ പദാര്‍ത്ഥം ഉപയോഗിച്ച് പന്ത് ചുരണ്ടുന്നതായി ന്യൂലാന്‍ഡ്സിലെ ബിഗ് സ്ക്രീനില്‍ ആ ദൃശ്യങ്ങള്‍ കാണിക്കുന്നതുവരെ ഞങ്ങള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങളുടെ അറിവില്ലാതെ അത് നടക്കില്ലെന്ന് ഇപ്പോള്‍ മുന്‍കാല താരങ്ങളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആരോപണം ഉന്നയിക്കുന്നു.

Australia bowlers issue statement in ball-tampering row
Author
Sydney NSW, First Published May 18, 2021, 2:39 PM IST
  • Facebook
  • Twitter
  • Whatsapp

സിഡ്നി: മൂന്ന് വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കാമറോണ്‍ ബാന്‍ക്രോഫ്റ്റ് രംഗത്തെത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഓസീസ് ബൗളര്‍മാര്‍. പന്ത് ചുരണ്ടുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്ന് 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ കളിച്ച ഓസീസ് ബൗളര്‍മാരായ പാറ്റ് കമിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ്, നേഥന്‍ ലിയോണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ബാന്‍ക്രോഫ്റ്റ് കൃത്രിമ പദാര്‍ത്ഥം ഉപയോഗിച്ച് പന്ത് ചുരണ്ടുന്നതായി ന്യൂലാന്‍ഡ്സിലെ ബിഗ് സ്ക്രീനില്‍ ആ ദൃശ്യങ്ങള്‍ കാണിക്കുന്നതുവരെ ഞങ്ങള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങളുടെ അറിവില്ലാതെ അത് നടക്കില്ലെന്ന് ഇപ്പോള്‍ മുന്‍കാല താരങ്ങളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആരോപണം ഉന്നയിക്കുന്നു. ഇവരെല്ലാം ഒരു കാര്യം മനസിലാക്കണം. പന്ത് ചുരണ്ടുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെ ആ ടെസ്റ്റില്‍ അമ്പയര്‍മാരായിരുന്ന ഏറെ ബഹുമാന്യരും അനുഭവസമ്പത്തുമുള്ള നീല്‍ ഒലോംഗും റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും പന്ത് പരിശോധിച്ചപ്പോഴും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

എന്നാല്‍ ഇതൊന്നും അന്ന് ന്യൂലാന്‍ഡ്സില്‍ നടന്ന സംഭവങ്ങള്‍ക്ക് ഒഴിവുകഴിവല്ല. അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതില്‍ നിന്ന് ഞങ്ങളെല്ലാം ഒരു പാഠം പഠിച്ചു. അതിനുശേഷം ഞങ്ങളുടെ കളിയിലും സമീപനത്തിലും അത് പ്രതിഫലിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഇപ്പോഴുയരുന്ന അഭ്യൂഹങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ച് മുന്നോട്ടു പോകണമെന്നാണ് ഓസീസ് ബൗളര്‍മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും സംയുക്ത പ്രസ്താവനയില്‍ താരങ്ങള്‍ വ്യക്തമാക്കി.

2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിനെ കുറിച് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും പുറമെ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ബാന്‍ക്രോഫ്റ്റിന്‍റെ അഭിപ്രായത്തെ പിന്തുണച്ച് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും സംഭവത്തില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരാമെന്ന് ആദം ഗില്‍ക്രിസ്റ്റും വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios